കഥ
ഉമ്മറത്ത് ഉച്ചത്തിലുള്ള ശകാരം കേട്ടാണ് ഞാൻ മൊബൈലിൽ നിന്ന് കണ്ണെടുത്തത്.
” സന്ധ്യക്ക് നാമം ചൊല്ലുന്ന നേരത്ത് പെണ്ണുങ്ങൾ ഫോണിൽ കുത്തിയിരിയ്ക്കും. “
എണ്ണവറ്റി തിരിയണഞ്ഞ നിലവിളക്കുമായി മണിയമ്മായി മുന്നിൽ വന്ന് നിന്നു.കണ്ണുകളിൽ സ്നേഹത്തിൽ പൊതിഞ്ഞ ദേഷ്യഭാവം.
മണിയമ്മായി ആരുടെയും അമ്മാവന്റെ ഭാര്യയോ അച്ഛന്റെ പെങ്ങളോ ഒന്നുമല്ല. പക്ഷെ നാട്ടുകാരുടെ എല്ലാവരുടെയും മണിയമ്മായിയാണ്. ആരാണാ പേരിട്ട് ആദ്യം വിളിച്ചതെന്ന് ആർക്കും അറിയില്ല.
സകല തെറ്റും ഏറ്റു പറയുന്നതുപോലെ ഞാൻ വിളക്ക് വാങ്ങി അകത്തു കൊണ്ടുപോയി. കരിന്തിരി കത്തിയ പുകമണം മുറിയിലാകെ ഒഴുകി നടന്നു.കരിന്തിരി കുത്തുന്നത് ആശുഭമാണത്രേ. പിന്നെ അത് സാധൂകരിയ്ക്കുന്ന കുറെ പഴങ്കഥകളും പറഞ്ഞു കേൾപ്പിച്ചു. പിന്നെ രാവിലെ നടക്കാനിറങ്ങിയപ്പോൾ മുതൽ കണ്ടതും കേട്ടതുമായ എല്ലാ കാര്യങ്ങളുടെയും ഒരു സംക്ഷിപ്ത രൂപം വർണ്ണിച്ചിട്ട് മണിയമ്മായി മടങ്ങിപ്പോയി.
വൃശ്ചിക മഞ്ഞിനു തണുപ്പിയ്ക്കാനാകാത്ത വല്ലാത്തൊരു ചൂട് രാത്രി മുഴുവൻ അസ്വസ്ഥതയുണ്ടാക്കി. കേട്ടത് സത്യമോ മിഥ്യയോ എന്നൊന്നും ചോദിക്കാൻ നിൽക്കാതെ ഓടുകയായിരുന്നു.തലയ്ക്കൽ തെളിഞ്ഞു കത്തുന്ന ഒറ്റത്തിരിയിട്ട നിലവിളക്ക്. വെള്ള പുതച്ച് കണ്ണുകളടച്ച് പറയാൻ ബാക്കി വച്ച ഒട്ടേറെ കാര്യങ്ങൾ ചുണ്ടിലൊളിപ്പിച്ചു മണിയമ്മായി ഉറങ്ങുന്നു. പെട്ടെന്നായിരുന്നുവത്രെ. ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കയ്യിൽ ഇറുക്കിപ്പിടിച്ച ഒരുരുള ചോറും ഉണ്ടായിരുന്നത്രെ.
എത്രയോ കാര്യങ്ങൾ പറയാൻ ബാക്കി വച്ച് പെട്ടെന്നൊരു പോക്ക്.
കാന്താരി മുളകെല്ലാം പഴുത്തു കിളി കൊത്തി ക്കളയുന്നത്, വിയറ്റ്നാം ഏർലി പ്ലാവ് ആദ്യം കായ്ച്ചത് കണ്ടുപിടിച്ചത്, മഴക്കാറുകൊണ്ട് മാമ്പൂ വെല്ലാം പൊഴിഞ്ഞത് കണ്ണുകിട്ടിയതാണെന്ന് തർക്കിക്കാൻ, കറിവേപ്പിന് പുതിയ തളിരു വരാൻ ഓരോ കമ്പും നുള്ളി നിറുത്താൻ, എല്ലാ മലയാളമാസം ഒന്നാം തിയതിയും താനൊരു ഐശ്വര്യമാണെന്ന് സ്വയം പ്രഖ്യാപിച്ചു അതിരാവിലെ ഓടിവന്നൊന്നു കയറിയിറങ്ങി പോകാൻ, അങ്ങനെ എന്തെല്ലാം ബാക്കി വച്ചിട്ടാണ് പെട്ടെന്നങ്ങു പോയത് ? തൊടിയിലും പറമ്പിലും എന്ത് കായ്ച്ചാലും ആദ്യത്തെ കനി മണിയമ്മായിയുടെ അവകാശമാണ്. ചിലർ ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ മരിക്കും. മറ്റുചിലർ മരിച്ചാലും ഓർമ്മകളിൽ എന്നും ജീവിക്കും.
തെക്കേ തൊടിയിൽ നിന്നും തിരിച്ചെത്തുമ്പോൾ ആളുകൾ ഓരോരുത്തരായി പിരിഞ്ഞുപോയി തുടങ്ങിയിരുന്നു. നെഞ്ചിലെ സ്നേഹക്കൂട്ടിൽ നിന്നു ഒരു കുഞ്ഞു കിളി പറന്നകന്ന നൊമ്പരം.കന്നി കായ്ച്ച പ്ലാവിന്റെ കൊമ്പിൽ വന്നിരുന്നൊരു കാക്ക മുറ്റത്ത് അലസമായി
കിടന്ന എള്ളും അരിയും കണ്ടിട്ടും കാണാത്തപോലെ ചാഞ്ഞും ചരിഞ്ഞും നോക്കിയിട്ട് എങ്ങോട്ടോ പറന്നു പോയി.
” ഇവിടെ ആരുമില്ലേ ഈ വിളക്കിലിത്തിരി
എണ്ണ യൊഴിയ്ക്കാൻ “? മണിയമ്മായിയുടെ സ്വരം. എണ്ണ വറ്റാറായ വിളക്ക് ആരോ ഊതി ക്കെടുത്തിയിരുന്നു. കരിന്തിരി കത്താതിരിയ്ക്കാൻ.
നിലവിളക്കിൽ അപ്പോഴും ഇനിയും കത്താൻ ബാക്കിയുള്ള ഒറ്റത്തിരി എണ്ണ കാത്ത് അനാഥമായി വിളക്കിൽ ഒട്ടിപ്പിടിച്ചു കിടന്നു


