പണ്ടത്തെയോര്‍മ്മകള്‍ തേടി
പോകാന്‍ കൊതിയിന്നെനിക്ക്
മധുരിക്കും ഓര്മ്മയുറങ്ങും
മാഞ്ചുവട്ടില്‍; കശുമാഞ്ചുവട്ടില്!
വീണ്ടും പണ്ടത്തെയോര്‍മ്മകള്‍ തേടി
പോകാന്‍ കൊതിയിന്നെനിക്ക്!
കളിവീട് വച്ചു കളിച്ച്
കഞ്ഞി, കറി വച്ചു വിളമ്പി
തോളോടുതോളും ചേര്‍ന്ന്
പോകാന്‍ കൊതിയിന്നെനിക്ക്
തോഴരുമായ് സാറ്റു കളിച്ച്
മാങ്കൊമ്പത്തൂഞ്ഞാലാടി
മഴയില്‍ നനഞ്ഞുകുളിച്ച്
ചെളിവെള്ളം തട്ടിനടന്ന്
വീണ്ടും പണ്ടത്തെയോര്‍മ്മകള്‍ തേടി
പോകാന്‍ കൊതിയിന്നെനിക്ക്!
നീളന്പാവാടയണിഞ്ഞ്
നിറമാര്‍ന്ന ജംബറുമിട്ട്
മുടി രണ്ടായ് പിന്നിയൊരുങ്ങി
പോകാന്‍ കൊതിയിന്നെനിക്ക്!
വീണ്ടും പണ്ടത്തെ ഓര്‍മ്മകള്‍ തേടി
പോകാന്‍ കൊതിയിന്നെനിക്ക്
കുപ്പിവള കൈയിലണിഞ്ഞ്
അച്ഛന്റെ കൈപിടിച്ച്
നഗരത്തില്‍ പൂരംകാണാന്‍
പോകാന്‍ കൊതിയിന്നെനിക്ക്
അറിവേകിന പുസ്തകക്കെട്ടെന്
നെഞ്ചോടു ചേര്‍ത്തുപിടിച്ച്
വിദ്യാലയമുറ്റത്തിനിയും
പോകാന്‍ കൊതിയിന്നെനിക്ക്!
വീണ്ടും ഒരുവട്ടമാ തിരുമുറ്റത്ത്
കളിക്കൂട്ടരോടൊപ്പം കൂടി
മലവെള്ളപ്പാച്ചില്‍പോലെ
ഓടാന്‍ കൊതിയിന്നെനിക്ക് വീണ്ടും
പണ്ടത്തെ ഓര്‍മ്മകള്‍ തേടി
പോകാന്‍ കൊതിയിന്നെനിക്ക്
മധുരിക്കും ഓര്മ്മകളിനിയും
കളയാതെ മനസ്സിനകത്തെ
വളപ്പൊട്ടിന് ചെപ്പിന്നുള്ളില്‍
ഇടുവാന്‍ കൊതിയിന്നെനിക്ക്!
വീണ്ടും പണ്ടത്തെയോഓര്മ്മകള് തേടി
പോകാന്‍ കൊതിയിന്നെനിക്ക്
മധുരിക്കുംസ്വപ്നമുറങ്ങും
മാഞ്ചുവട്ടില്‍; തേന്മാഞ്ചുവട്ടില്!

