ന്യൂഡല്‍ഹി: ഗോവ നിശാക്ലബിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് മുങ്ങിയ ക്ലബ് ഉടമകള്‍ തായ്ലാന്ഡില് അറസ്റ്റില്‍. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്നിലെ ബിര്‍ച്ച് ക്ലബില്‍ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. തീപ്പിടിത്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ ഇവര്‍ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇന്റര്‍പോള്‍ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഗോവ പോലീസ് സംഘം തായ്ലാന്‍ഡിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 7 ന് പുലര്‍ച്ചെ 1.17 ന് സൗരഭും ഗൗരവും തായ്ലാന്‍ഡിലേക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. സര്‍വീസുകള്‍ താറുമാറായ ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇവര്‍ കടന്നത് പോലീസില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. ക്ലബില്‍ അഗ്നിശമന സേനയും പോലീസും തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുന്ന സമയത്തായിരുന്നു ഇവരുടെ യാത്ര. അറസ്റ്റ് ഭയന്ന് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. തായ്ലാന്‍ഡിലേക്കുള്ള അവരുടെ യാത്ര രക്ഷപ്പെടലല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്ന ബിസിനസ് മീറ്റിങ് ആയിരുന്നു എന്നും അവര്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.
ഗോവ പോലീസിന്റെ എഫ്.ഐ.ആര് അനുസരിച്ച് ബിര്‍ച്ച് ക്ലബില്‍ അടിസ്ഥാന അഗ്നിസുരക്ഷാ സംവിധാനങ്ങളായ എക്സ്റ്റിങ്ഗ്യൂഷറുകള്‍, അലാറങ്ങള്‍, ഫയര്‍ ഓഡിറ്റ് എന്നിവയുടെ രേഖകള്‍ ഉണ്ടായിരുന്നില്ല. കൂടാതെ, ക്ലബിലെ ഉടമകള്‍, മാനേജര്‍, പങ്കാളികള്‍, ഇവന്റ് ഓര്‍ഗനൈസര്‍, മുതിര്‍ന്ന ജീവനക്കാര്‍ എന്നിവര്‍ ദുരന്തത്തിനിടയാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും യാതൊരുവിധ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ക്ലബില്‍ എമര്‍ജന്‍സി എക്സിറ്റുകള്‍ ഇല്ലാത്തത് പല അതിഥികളും തീയില്‍ അകപ്പെടാന്‍ കാരണമായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

