റാസല്‍ഖൈമ: പുതുവത്സരാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തില്‍ റാസല്‍ഖൈമ.പതിവുപോലെ ഗിന്നസ് റെക്കോഡ് മുന്നില്‍കണ്ടുകൊണ്ടുള്ള വെടിക്കെട്ട് ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ആഘോഷത്തില്‍ പങ്കുചേരാന്‍ ആയിരങ്ങളാണ് പുതുവര്‍ഷത്തലേന്ന് എമിറേറ്റിലേക്ക് ഒഴുകിയെത്തുക. രാത്രി 12 മണിയോടെ ഡ്രോണുകളുടെയും ലേസറുകളുടെയും സഹായത്തില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ടാഘോഷമായിരിക്കും ഉണ്ടാവുക.
മര്‍ജന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വരെ ആറ് കിലോമീറ്റര്‍ ദൂരം വ്യാപിച്ച പ്രദേശങ്ങളില്‍ വെടിക്കെട്ട് നടക്കും. കൂടാതെ 2,300 – ലേറെ ഡ്രോണുകളുടെ സഹായത്തില്‍ ആകാശത്ത് പ്രകാശ വിസ്മയങ്ങള്‍ തീര്‍ക്കും. കോര്‍ണിഷ് അല്‍ ഖവാസിമില് രാത്രി എട്ടുമണിയോടെയായിരിക്കും ആദ്യ വെടിക്കെട്ടിന് തുടക്കമാവുക. താമസക്കാരെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്തുകൊണ്ട് വിപുലമായ പുതുവത്സരാഘോഷമാണ് റാസല്‍ഖൈമയില്‍ ഒരുങ്ങുന്നത്.
കുടുംബങ്ങള്‍ക്കടക്കം ആസ്വദിക്കാന്‍ പാകത്തില്‍ ഭക്ഷണ സ്റ്റാളുകള്‍, കാര്‍ണിവല്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പാര്‍ക്കിങ് സോണുകളും സജ്ജീകരിച്ചുകഴിഞ്ഞു. പുതുവത്സരാഘോഷത്തില്‍ അന്താരാഷ്ട്ര കലാകാരന്മാരും പങ്കെടുക്കും. മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ക്കിങ് സോണുകള്‍ അനുവദിക്കുക. യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയും തത്സമയം റാസല്‍ഖൈമയിലെ വെടിക്കെട്ട് പരിപാടികള്‍ കാണാന്‍ സാധിക്കും.

