കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ് വിധിച്ചു.ആദ്യ ആറ് പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്ട്ടിന് ആന്റണി, ബി.മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. ജസ്റ്റീസ് ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(ആ) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ടായിരുന്നു.
രാവിലെ ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനു ശേഷം ശിക്ഷ വിധിക്കുന്നത് വൈകുന്നേരത്തെയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തര്‍ക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാല്‍, ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്ക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്. യഥാര്‍ഥ പ്രതി പള്‍സര്‍ സുനിയാണ്. എന്നാല്‍ മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു.
വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്റെ പേരില്‍ മുന്‍പ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാര്ട്ടിന് പറഞ്ഞത്.
തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയില്‍ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠന് കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും നാട് തലശ്ശേരി ആയതിനാല്‍ കണ്ണൂര്‍ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താന്‍ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഇവര്‍ക്കു പുറമെ, കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയില്‍ ഇളവ് വേണമെന്ന് അഭ്യര്‍ഥിച്ചു.
എന്നാല്‍ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതില്‍ ഇനി വാദം വേണ്ട, ശിക്ഷാവിധിയില്‍ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വര്‍ഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകര്‍ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യര്ഥനയാണ് നടത്തിയത്.

