ലണ്ടനിലെ മ്യൂസിയത്തില്‍ നിന്നും 600ലധികം പുരാവസ്തു മോഷണം;സിസി ടി വി ദൃശ്യം ലഭിച്ചു

ലണ്ടന്‍: ലണ്ടനിലെ മ്യൂസിയത്തില്‍ നിന്നും 600ലധികം പുരാവസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.

ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിലെ ഇന്ത്യയില്‍ നിന്നുള്ള നിരവധി പുരാവസ്തുക്കള്‍ ഉള്‍പ്പടെയുള്ള അമൂല്യ വസ്തുക്കളാണ് മ്യൂസിയത്തില്‍ നിന്ന് മോഷണം പോയത്. സെപ്റ്റംബര്‍ 25നാണ് കവര്‍ച്ച നടന്നത്. എന്നാല്‍ രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് വിവരങ്ങള്‍ പുറത്തുവിടുന്നത് .

പുലര്‍ച്ചെ 1:00നും 2:00 നും ഇടയിലാണ് നഗരത്തിലെ കംബര്‍ലാന്‍ഡ് പ്രദേശത്ത് കവര്‍ച്ച നടന്നത്. പത്തൊമ്ബതാം നൂറ്റാണ്ട് മുതല്‍ ഇക്കാലം വഴരെയുള്ള അതുല്യ ശേഖരങ്ങള്‍ അടങ്ങിയ മ്യൂസിയത്തില്‍ നിന്നാണ് പുരാവസ്തുക്കള്‍ മോഷണം പോയത്. മോഷണം നടത്തിയതെന്ന് കരുതപ്പെടുന്ന നാല് പേരുടെ മങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടായിരുന്നു പൊലീസ് മോഷണ വിവരം പുറത്തറിയിച്ചത്.

സി.സി.ടി.വി ദൃശ്യത്തിലുള്ള ആളുകളെ തിരിച്ചറിയാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ആനക്കൊമ്പില്‍ നിര്‍മിച്ച ബുദ്ധ വിഗ്രഹവും ഈസ്റ്റ് ഇന്ത്യ കമ്ബനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോഷണം പോയ സാധനങ്ങള്‍ മിക്കതും സാംസ്‌കാരിക മൂല്യമുള്ളതും സംഭാവനയായി ലഭിച്ചവയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *