‘ഗോട്ട് ഇന്ത്യ ടൂർ 2025’: മെസ്സി ഇന്ത്യയിൽ; പ്രധാനമന്ത്രിയെ കാണും, ഹൈദരാബാദിൽ പ്രദർശന മത്സരം

കൊൽക്കത്ത: ഇൻഡ്യൻ ഫുട്‌ബോൾ ആരാധകരുടെ സ്വപ്നം പൂവണിയുന്നു. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി മൂന്ന് ദിവസത്തെ ഇന്ത്യൻ പര്യടനത്തിനായി കൊൽക്കത്തയിൽ വിമാനമിറങ്ങി. ശനിയാഴ്ച പുലർച്ചെ (ഡിസംബർ 13) 2 മണിയോടെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ ഇതിഹാസ താരത്തെ കാണാൻ വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നത്.

‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കാണ് മെസ്സി ഇന്ത്യയിലെത്തിയത്. അർജന്റീന താരം റോഡ്രിഗോ ഡി പോൾ, യുറഗ്വായുടെ ലൂയി സുവാരസ് എന്നിവരും മെസ്സിക്കൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.

മെസ്സിയുടെ ഇന്ത്യൻ പര്യടനം ഇങ്ങനെ:

  • ഇന്ന് (ശനിയാഴ്ച): രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെ പരിപാടികൾക്ക് തുടക്കമാകും. ശ്രീഭൂമി സ്പോർട്ടിങ് ക്ലബ് നിർമ്മിച്ച 70 അടി ഉയരമുള്ള മെസ്സി പ്രതിമ അദ്ദേഹം ഹോട്ടൽ മുറിയിൽ നിന്ന് വെർച്വലായി അനാച്ഛാദനം ചെയ്യും. ഉച്ചകഴിഞ്ഞ് താരം ഹൈദരാബാദിലേക്ക് പോകും. അവിടെ ഒരു പ്രദർശന മത്സരത്തിൽ പങ്കെടുക്കും.
  • നാളെ (ഞായർ): മുംബൈയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.
  • മറ്റന്നാൾ (തിങ്കൾ): തലസ്ഥാനമായ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

വൻ സുരക്ഷാ വലയത്തിലാണ് മെസ്സിയെ താമസസ്ഥലമായ താജ് ബംഗാൾ ഹോട്ടലിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *