കവിത
അതേ…
ചില
പെണ്ണുങ്ങൾ
കരയാറില്ല.
വരണ്ട
ഉപ്പുപാടത്തിൽ
കണ്ണീർക്കാറ്റ്
വീശിയടിച്ചാലെന്നപോലെ
അവരിൽ
കണ്ണുനീര്
ഉപ്പുപോലെ
ഉറച്ചു നിൽക്കും.
പഴുത്ത കമ്പികൊണ്ട്
ഹൃദയം വരഞ്ഞപോലെ
വേദനിച്ചാലും
അവരാ വേദന
ചുണ്ടുകോട്ടി
അവഗണിക്കും.
നിറഞ്ഞ
ആളുകൾക്കിടയിൽ
ഒറ്റപ്പെടലിന്റെ
യാഥാർത്ഥ്യത്തിൽ
നെഞ്ചിൽ
പിരിമുറുക്കത്തിന്റെ ആണി
ആഴത്തിൽ
തറയുമ്പോഴും
അവരാ ഒറ്റപ്പെടൽ
തിരിഞ്ഞുനടത്തംകൊണ്ട്
അതിജീവിക്കും.
ശരികളുടെ
കൂട്ടിക്കുറക്കലുകൾക്ക്
അവസാനം
ശരികൾ
തെറ്റുകളുടെ ത്രാസ്സിൽ
തൂങ്ങിയാടുമ്പോൾ
അവരവിടെ
തലകുലുക്കി
കടന്നുപോകും.
അങ്ങനെ,
ഇതിന്റെ
ആകെത്തുകയാൽ
മൂർച്ചകൂട്ടിയ കത്തികൊണ്ട്
കൈഞരമ്പുകളിൽ അമർത്തി
ചിത്രം വരക്കുമ്പോൾ കിട്ടുന്ന
“സൈക്കോ” പട്ടത്തിൽ
അവൾ മനസുകൊണ്ട്
ഭ്രാന്തിയാകും.
ചില്ലുപാത്രങ്ങൾ
എറിഞ്ഞുടച്ച്
വാതിലുകൾ
ആഞ്ഞു ചവിട്ടി തുറന്ന്
മേശമേൽ
മുഷ്ടിബലം കാട്ടി
ഭിത്തിമേൽ
തലയിട്ടിടിച്ചും പോരാഞ്ഞ്
സ്വന്തം നെഞ്ചിൽ
ആഞ്ഞിടിച്ചും
കണ്ണിൽപ്പെട്ടതെല്ലാം
വലിച്ചെറിഞ്ഞും
തളരുമ്പോഴും
ചില പെണ്ണുങ്ങൾ
കരയാറില്ല.
കുറ്റപ്പെടുത്തലുകളിൽ
കൂടെച്ചേർന്ന്
ചിരിച്ചു തള്ളി
ആ ശ്വാസംമുട്ടിനെ
അവർ
കാറ്റിൽ പറത്തും.
അടിവയറിന്റെ
മാസാമാസ വേദനകളെ
അനാവശ്യ വാശികളെന്നു പറഞ്ഞ്
തിളച്ചവെള്ളത്താൽ ശമിപ്പിച്ചെടുക്കും.
ഗർഭകാലത്തിന്റെ
പേടി നൽകിയ
വിഭ്രാന്തിയോടും
പേറ്റുനോവിന്റെ
വേദനയോടും
പിണങ്ങി
പ്രസവമുറിവിൽ
തൂങ്ങിയാടുന്ന
സ്റ്റിച്ചിങ് നൂലുകൾ
പിടിച്ചു വലിച്ച്
സ്വയമൊരു
സാഡിസ്റ്റാവും.
അപ്പോഴും,
ചില
പെണ്ണുങ്ങൾ
കരയാറില്ല.
ഒരു ചേർത്തുനിർത്തലിന്റെ
കരുതലില്ലായ്മയിൽ
ജീവിതം
ചോദ്യചിഹ്നമാകുമ്പോഴും
ചില പെണ്ണുങ്ങൾ
കരയാറില്ല.
അപ്പോഴുമവർ
ചെറുത്തുനിൽപ്പിന്റെ,
അതിജീവനത്തിന്റെ
പുതിയ പാഠങ്ങൾ
തേടുകയാവും.


