ട്രാഫിക് നിയമങ്ങള്‍ ശ്രദ്ധിക്കുന്നതും സിഗ്നലുകള്‍ പാലിക്കുന്നതുമാണ് ജീവന് സംരക്ഷിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ആദ്യ പടി. യുഎഇയിലെ ഗതാഗത നിയമപ്രകാരം റെഡ് ലൈറ്റ് ചാടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴ, 12 ബ്ലാക്ക് പോയിന്റുകള്‍, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടല്‍ എന്നിവയാണ് സാധാരണയായി ലഭിക്കുന്ന ശിക്ഷകള്‍.
കൂടാതെ, 2025 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന യുഎഇയിലെ കര്‍ശനമായ പുതിയ ഗതാഗത നിയമം അനുസരിച്ച് റെഡ് ലൈറ്റ് സിഗ്നല്‍ ലംഘനം ഒരു വ്യക്തിയുടെ മരണത്തിന് കാരണമായാല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും കുറഞ്ഞത് 100,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കാം. അഡ്വാന്‍സ്ഡ് നിരീക്ഷണ സംവിധാനങ്ങള്‍ നിയമം നടപ്പിലാക്കുന്നതിന് മാത്രമല്ല, പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അപകട നിരക്ക് കുറയ്ക്കുന്നതിനും ഉപയോഗിക്കും.
വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും നീക്കം നിയന്ത്രിക്കുന്നതിന് ട്രാഫിക് സിഗ്നലുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും ഉള്‍പ്പെടെ കര്‍ശനമായ ശിക്ഷകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു. 2024ല്‍ ഷാര്‍ജയില്‍ മാത്രം റെഡ് ലൈറ്റ് സിഗ്നല്‍ ലംഘിച്ച കേസുകള്‍ പുറത്തുവിട്ടു. ലൈറ്റ് വാഹനങ്ങള്‍: 9,232 ലംഘനങ്ങള്‍, മോട്ടര്‍ സൈക്കിളുകള്‍: 3 ലംഘനങ്ങള്‍, ഹെവി വാഹനങ്ങള്‍: 82 ലംഘനങ്ങള്‍. റോഡുകള്‍ എല്ലാവര്ക്കും സുരക്ഷിതമാക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ഷാര്‍ജ പൊലീസ് ഡ്രൈവര്‍മാരെ ഓര്‍മിപ്പിക്കുന്നു.

