മിസിസാഗയില്‍ വനിതകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം ; ഇന്‍ഡ്യന്‍ വംശജന്‍ അറസ്റ്റില്‍

ടൊറന്റോ: കാനഡയിലെ മിസിസാഗയില്‍ ക്ലിനിക്കുകളിലെ വനിതാ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 25 വയസ്സുകാരന്‍ വൈഭവിനെയാണ് പീല്‍ റീജിയണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 4-നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊതുസ്ഥലത്ത് മോശമായി പെരുമാറല്‍, വ്യാജ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വൈഭവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് (പിആര്‍പി) അറിയിച്ചു.

വനിതാ ഡോക്ടര്‍മാരെ അനുചിതമായി സ്പര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഭവ് ക്ലിനിക്കുകളില്‍ എത്തിയിരുന്നതെന്നും, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭിനയിച്ചാണ് ഇയാള്‍ പല ക്ലിനിക്കുകളിലും കയറിയതെന്നും പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം പല മാസങ്ങളിലായി വിവിധ ക്ലിനിക്കുകളില്‍ യുവാവ് സമാനമായ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ബ്യൂറോ (സിഐബി) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചില ക്ലിനിക്കുകളില്‍ ഇയാള്‍ ആകാശ്ദീപ് സിങ് എന്ന വ്യാജപേരിലാണ് എത്തിയത്. നിലവില്‍ വൈഭവ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാളുടെ ജാമ്യാപേക്ഷയില്‍ വാദം ഇതുവരെ തുടങ്ങിയിട്ടില്ല.

പ്രതിയെ സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 12 ഡിവിഷന്‍ സിഐബിയുമായി 905-453-2121, എക്സ്റ്റന്‍ഷന്‍ 1233 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പീല്‍ റീജിയണല്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *