ലോങ് ബീച്ച് (കലിഫോര്‍ണിയ): ലോങ് ബീച്ചിലെ ബെല്‍മോണ്ട് ഷോറിലെ ‘നട്രാജ് ക്യുസൈന്‍ ഓഫ് ഇന്ത്യ’ റസ്റ്ററന്റിന്റെ ഉടമ ബബിള്‍ജിത് ബബ്ലി കൗര്‍ (60) ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍. ഡിസംബര്‍ ഒന്നിന് ഗ്രീന്‍ കാര്‍ഡ് അപേക്ഷയുടെ ഭാഗമായുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനായി എത്തിയപ്പോഴാണ് ഫെഡറല്‍ ഏജന്റുമാര്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. 30 വര്‍ഷത്തിലേറെയായി ലോങ് ബീച്ച് കമ്മ്യൂണിറ്റിയില്‍ സജീവമായിരുന്ന ബബിള്‍ജിത് ബബ്ലി കൗറിനെ കസ്റ്റഡിയിലെടുത്തത് പ്രദേശവാസികളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഭര്‍ത്താവിനൊപ്പം റസ്റ്ററന്റ് നടത്തിവരികയായിരുന്നു ബബ്ലി കൗര്‍. നിയമപരമായ സ്ഥിരതാമസത്തിനായുള്ള അപേക്ഷയുടെ അവസാന ഘട്ടത്തിലായിരുന്നു ബയോമെട്രിക് അപ്പോയിന്റ്മെന്റ്. എന്നാല്‍ നടപടിക്രമങ്ങള്‍ക്കിടെ അപ്രതീക്ഷിതമായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ വിക്ടോര്‍വില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ഐസിഇ പ്രോസസ്സിങ് സെന്ററിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ബബിള്‍ജിത് ബബ്ലി കൗറിന് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നും കുടുംബത്തിലെയും കമ്മ്യൂണിറ്റിയിലെയും കരുത്തായ വ്യക്തിയാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ലോങ് ബീച്ച് പ്രതിനിധിയും കോണ്‍ഗ്രസ് അംഗവുമായ റോബര്‍ട്ട് ഗാര്‍ഷ്യ, ബബിള്‍ജിത് ബബ്ലി കൗറിനെ ഉടന്‍ മോചിപ്പിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.

