സിഡ്‌നി ആക്രമണം: സാധാരണക്കാരന്റെ അസാധാരണ ധൈര്യം നിരവധി ജീവന്‍ രക്ഷിച്ചു

സിഡ്‌നി: ആസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടായി ബീച്ചില്‍ നടന്ന ആക്രമണത്തിനിടെ പ്രകടമാക്കിയ അസാധാരണ ധൈര്യത്തിന് 43കാരനായ അഹ്‌മദ് അല്‍ അഹ്‌മദ് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. സിറിയന്‍ വംശജനായ ഈ ഫ്രൂട്ട് വ്യാപാരി ആക്രമണകാരിയില്‍ നിന്ന് ആയുധം പിടിച്ചുവാങ്ങി നിരവധി ജീവന്‍ രക്ഷിച്ചു.

ബോണ്ടി ബീച്ചില്‍ ഒരു സുഹൃത്തിനൊപ്പം ചായ കുടിക്കുമ്പോഴാണ് വെടിവയ്പ്പ് കേട്ട് അഹ്‌മദ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്.ആളുകള്‍ നാലുപാടും പരക്കംപായുന്ന സാഹചര്യത്തില്‍,രണ്ട് മക്കളെയും കുടുംബത്തെയും ഒരു നിമിഷം വിസ്മരിച്ച് അദ്ദേഹം ആക്രമണകാരിയുടെ അടുത്തെത്തി. പിന്നില്‍ നിന്ന് ബുദ്ധിപൂര്‍വം സമീപിച്ച അദ്ദേഹം ആക്രമണകാരിയെ കീഴടക്കി തോക്ക് പിടിച്ചെടുത്തു.

രണ്ടാമത്തെ ആക്രമണകാരിയില്‍ നിന്ന് നെഞ്ചിലും കൈയിലും വെടിയേറ്റ അഹ്‌മദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.പോലീസ് തന്നെയും സംശയിക്കാതിരിക്കാന്‍ വേണ്ടി ആദ്യത്തെ ആക്രമണകാരിയെ വെടിവച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആയുധം പിടിച്ചെടുത്ത ശേഷം കൈകള്‍ ഉയര്‍ത്തി താന്‍ ആക്രമണകാരിയല്ലെന്ന് പോലീസിന് സിഗ്‌നല്‍ നല്‍കുകയും ചെയ്തു.

അഹ്‌മദിന്റെ ധൈര്യത്തെ അഭിനന്ദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശംസ ചൊരിയുന്നു.പെര്‍ഷിംഗ് സ്‌ക്വയര്‍ ക്യാപിറ്റല്‍ സി ഇ ഓ വില്യം അക്മാന്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനു പുറമേ ഒരു അമേരിക്കന്‍ സംരംഭകന്‍ 65,000 ഡോളറും നല്‍കുമെന്ന് അറിയിച്ചു. അമേരിക്ക, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലെ നേതാക്കളും അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിച്ചിട്ടുണ്ട്.

വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, പഹല്‍ഗാം ആക്രമണത്തില്‍ ഒരു കശ്മീരി മുസ്ലിം ആക്രമണകാരിയില്‍ നിന്ന് ആയുധം പിടിച്ചെടുക്കാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തോട് സാമ്യമുള്ളതാണ് ഇതെന്നാണ്. സാധാരണക്കാരുടെ അസാധാരണ ധൈര്യം എല്ലാ അതിര്‍ത്തികള്‍ക്കും അതീതമാണെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *