ബോണ്ടായി ബീച്ച് ഭീകരന്‍ സാജിദ് അക്രം ഇന്ത്യന്‍ പൗരന്‍; ഹൈദരബാദ് സ്വദേശി,27 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസം

ബോണ്ടായി ബീച്ച് ആക്രമണം നടത്തിയവരില്‍ ഒരാളായ സാജിദ് അക്രമിന് (50) ഇന്ത്യന്‍ ബന്ധമുണ്ടെന്ന തെലങ്കാന പോലീസ് സ്ഥിരികരിച്ചു.ആക്രമികളില്‍ ഒരാളായ സാജിദ് അക്രം യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹൈദരാബാദ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.സാജിദ് അക്രം ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ചിട്ടുണ്ട്. മകന്‍ നവീദ് അക്രവും മകളും ഓസ്ട്രേലിയന്‍ പൗരന്മാരാണ്.

1998 നവംബറില്‍ ഹൈദരാബാദില്‍ ബി.കോം. പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ത്ഥി വിസയില്‍ ഇയാള്‍ ഓസ്ട്രേലിയയിലേക്ക് പോയതാണ്.ഏകദേശം 27 വര്‍ഷമായി ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്.കഴിഞ്ഞ 27 വര്‍ഷത്തിനിടെ സ്വത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും പ്രായമായ മാതാപിതാക്കളെ കാണുന്നതിനുമായി ആറു തവണ മാത്രമാണ് സാജിദ് അക്രം ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലുള്ള കുടുംബാംഗങ്ങളുമായി ഇയാള്‍ക്ക് പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സാജിദിന്റെ തീവ്ര ചിന്താഗതിയെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് അറിയില്ലെന്ന് ഹൈദരാബാദിലെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. സാജിദിന്റെയും മകന്‍ നവീദിന്റെയും തീവ്രവാദ ചിന്തകള്‍ക്ക് ഇന്ത്യയുമായോ തെലങ്കാനയിലെ ഏതെങ്കിലും പ്രാദേശിക സ്വാധീനവുമായോ യാതൊരു ബന്ധവുമില്ല എന്ന് തെലങ്കാന പോലീസ് വ്യക്തമാക്കി. ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നതിന് മുമ്പ് സാജിദിനെതിരെ ഇന്ത്യയില്‍ ക്രിമിനല്‍ കേസുകളൊന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ മാസം (നവംബര്‍) സാജിദ് അക്രവും മകന്‍ നവീദും ഫിലിപ്പൈന്‍സിലേക്ക് യാത്ര ചെയ്തിരുന്നു. ഈ യാത്രയില്‍ സാജിദ് ഇന്ത്യന്‍ പാസ്പോര്‍ട്ടാണ് ഉപയോഗിച്ചത്. ഈ യാത്രയുടെ ലക്ഷ്യം ഓസ്ട്രേലിയന്‍ അധികൃതര്‍ അന്വേഷിച്ചു വരികയാണ്.തെലങ്കാന പോലീസ് അന്വേഷണത്തില്‍ വിദേശ ഏജന്‍സികളുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *