രാജ്യത്ത് അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി എം.പി.കത്തെഴുതി. അവര്‍ പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പടെ പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യ വിവരശേഖരണത്തിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സഹായിക്കുന്നതിനും കൗണ്‍സലിംഗ് നല്കുന്നതിനുമുള്‍പ്പടെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി പകരം വയ്ക്കാനാവാത്ത സേവനം ചെയ്യുന്നവരാണ്.
പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉച്ചഭക്ഷണ പദ്ധതിക്കും ആരോഗ്യ സേവനങ്ങളുടെയും നെടുംതൂണായി പ്രവര്‍ത്തിക്കുന്നതും ഇവരാണ് എന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ചൂണ്ടിക്കാണിച്ചു. ഏറ്റവും ദുര്‍ഘട പരിതസ്ഥിതിയിലും പരിമിതമായ വിഭവങ്ങള്‍ വച്ച് ദിവസവും ദീര്‍ഘനേരം കഠിന പ്രയത്‌നം ചെയ്യുന്ന കരുത്തരായ അവര്‍ പക്ഷെ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ ജോലിഭാരം വര്‍ധിച്ചിട്ടുണ്ട് . അവരെ സന്നദ്ധ സേവകരെന്ന് തരാം തിരിച്ചിരിക്കുന്നത് കടുത്ത അനീതിയും ചൂഷണവും അവരുടെ വിലമതിക്കാനാവാത്ത സേവനത്തെ വിലകുറച്ചു കാണുന്നതുമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ പറയുന്നു
കേരളത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ ഈ തരംതിരിവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം വര്‍ദ്ധിപ്പിക്കുക, അറുപത്തി രണ്ടു വയസ്സ് കഴിഞ്ഞു വിരമിക്കുമ്‌ബോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുക, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വേതനത്തോട് കൂടിയ അവധി നല്‍കുക, ഗുണമേന്മയുള്ള മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലിലെ നീതിക്ക് വേണ്ടി മാസങ്ങളായി സമരത്തിലാണ്.
വയനാട്ടില്‍ ഇവരില്‍ ചിലരുമായി സംസാരിച്ചപ്പോള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും മിനിമം കൂലി നല്കാന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഉള്ളതായി തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. കോടിക്കണക്കിനായ സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ സുരക്ഷയ്ക്ക് പരിചയായി നില്‍ക്കുന്ന അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും ഈ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.

