കണ്ണൂര്‍ വടിവാള്‍സംഘത്തിന്റെ ആക്രമം;അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ശരത്,ശ്രീജി,അശ്വന്ത്, ശ്രെയസ്,അതുല്‍ എന്നിവരാണ് പിടിയിലായത്.മൈസൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പൊലീസ് വാഹനം തകര്‍ത്തത് അടക്കം കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാനൂര്‍ മേഖലയില്‍ പല ഇടങ്ങളിലും അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. വടിവാളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.

ശനിയാഴ്ച വൈകിട്ട് പാനൂരില്‍ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമികള്‍ ചിലര്‍ക്ക് നേരെ വാളുവീശി.പാറാട് ടൗണിലുണ്ടായ കല്ലേറില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.25 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്.ഇതിന്റെ ഭാഗമായിട്ടാണ് പാറാട് ടൗണില്‍ ആഹ്ലാദപ്രകടനം നടന്നത്.ഇതിനിടയിലേക്ക് വാഹനങ്ങളില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി. വടികള്‍ കൊണ്ട് ആളുകളെ ആക്രമിച്ചു. ഇതിനിടെ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു.

യുഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞു കയറി. ചിലര്‍ക്ക് നേരെ വാളോങ്ങുകയും ചെയ്തു. അരിശം തീരാഞ്ഞ് നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു. മണിക്കൂറുകളോളം പാറോടും പരിസരത്തും സിപിഎം അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു. വീടുകളില്‍ എത്തുമ്പോള്‍ മുഖം മനസിലാവാതിരിക്കാന്‍ പാര്‍ട്ടികൊടി കൊണ്ട് മുഖം മറച്ചു. പൊലീസ് നോക്കി നിയക്കേയായിരുന്നു കലാപസമാനമായ അക്രമങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *