സിഡ്നി ബോണ്ടായ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം,മരിച്ചവരുടെ ആദ്യ സംസ്‌കാര ചടങ്ങ് നടന്നു

ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചു.ഹനുക്ക ആഘോഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ട 41 വയസ്സുകാരനായ റാബി എലി ഷ്‌ലാംഗറുടെ സംസ്‌കാര ചടങ്ങാണ് ബുധനാഴ്ച ആദ്യം നടന്നത്.’ബോണ്ടായ് റാബി’ എന്ന പേരില്‍ അറിയപ്പെടുന്ന നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയായിരുന്നുവെന്ന് ജനങ്ങള്‍ ഓര്‍മ്മിച്ചു.സിഡ്നിയിലെ ഈസ്റ്റേണ്‍ സബര്‍ബിലുള്ള ചബാദ് ഓഫ് ബോണ്ടായ് സിനഗോഗിലാണ് ചടങ്ങുകള്‍ നടന്നത്.

കറുത്ത വസ്ത്രം ധരിച്ച നൂറുകണക്കിന് ആളുകള്‍ റാബിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സിനഗോഗിന് ഉള്ളില്‍ സ്ഥലം തികയാതെ ജനങ്ങള്‍ പുറത്തും തടിച്ചുകൂടി.

ഇത് രാജ്യത്തിന് വളരെ പ്രയാസകരമായ ദിവസമാണെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

വന്‍ ജനക്കൂട്ടം എത്തിയതിനാല്‍ ചടങ്ങ് നടന്ന സ്ഥലത്തിന് ചുറ്റും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.കൊല്ലപ്പെട്ട മറ്റ് 14 പേരുടെ സംസ്‌കാര ചടങ്ങുകളും വരും ദിവസങ്ങളില്‍ നടക്കും. ഈ ദാരുണമായ സംഭവത്തില്‍ ഒരു 10 വയസ്സുകാരിയും ദമ്പതികളും ഉള്‍പ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *