പയ്യന്നൂര്‍: സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറയില്‍ കുളിക്കുന്നതിനിടെ അയ്യപ്പ ഭക്തനെ കാണാതായി. ചീമേനി സ്വദേശിയായ മധ്യവയസ്കനെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കാണാതായത്.
ദര്‍ശനത്തിനായി എത്തിയ ഇദ്ദേഹം ക്ഷേത്ര ചിറയില്‍ ഇറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്.
ഡിസംബര്‍ 18 വൈകുന്നേരം 4.50-ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. കോറോം പരവന്തട്ട സ്വദേശിനിയായ ഭാര്യ നോക്കി നില്‍ക്കെയാണ് ഇദ്ദേഹം ചിറയില്‍ മുങ്ങിത്താണു പോയതെന്നാണ് ലഭിക്കുന്ന വിവരം. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി.
പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സി പി രാജേഷിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘവും പയ്യന്നൂര്‍ പോലീസും സ്ഥലത്തെത്തി ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചു. മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സ്കൂബ ടീമും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചിറയില്‍ തിരച്ചില്‍ നടത്തി.
അപകടം നടന്ന ചിറയില്‍ നാട്ടുകാരും പോലീസും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കാണാതായ ആളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

