തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം നടതുറപ്പ് മഹോത്സവം ജനുവരി 2 മുതല്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം നടതുറപ്പ് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍.ജനുവരി 02 മുതല്‍ ജനുവരി 13 വരെ 12 ദിവസമാണ് ഉത്സവം നടക്കുക. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അന്‍വര്‍ സാദത്ത് എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ ജി പ്രിയങ്കയുടെയും നേതൃത്വത്തില്‍ ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.

ദര്‍ശനത്തിനായി ഇത്തവണയും വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ശ്രീമൂലം പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.പാലത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കും. കെ.എസ്.ആര്‍.ടി.സി പുലര്‍ച്ചെ നാല് മണി മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. റോഡരികിലെ അനധികൃത പാര്‍ക്കിംഗും കച്ചവടവും ഒഴിവാക്കാന്‍ ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ക്ഷേത്രപരിസരത്ത് 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി.

ആരോഗ്യവകുപ്പിന്റെ സേവനവും ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ലഭ്യമായിരിക്കും. ഭക്ഷണശാലകളില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക പരിശോധനകള്‍ നടത്തും.പോലീസ്,ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ക്ഷേത്രപരിസരത്ത് ക്യാമ്പ് ചെയ്യും.മോഷണശ്രമങ്ങള്‍ തടയാനും ഗതാഗത നിയന്ത്രണത്തിനും പ്രത്യേക പോലീസ് സംഘത്തെ വിന്യസിക്കും.എക്‌സൈസ് വകുപ്പിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും.ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉത്സവം നടക്കുക.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, എ എസ് പി ഹര്‍ദിക്ക് മീണ,ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹന്‍കുമാര്‍,സെക്രട്ടറി എ എന്‍ മോഹനന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *