കേരളത്തില്‍ മഞ്ഞള്‍ കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മഞ്ഞള്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ കാര്യക്ഷമമായി മഞ്ഞള്‍ സംഭരിക്കുന്നതിനും സംവിധാനമൊരുക്കാന്‍ കൃഷി വകുപ്പ്.ഇതിനായി മഞ്ഞള്‍ അനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചര്‍ച്ച നടത്തി.
ഉയര്‍ന്ന ഗുണനിലവാരമുള്ള മഞ്ഞള്‍ ഉത്പാദിപ്പിക്കുന്നതും കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതും വഴി കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.ഗുണനിലവാരമുള്ള മഞ്ഞള്‍ ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുമെന്നും മഞ്ഞളിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നുംമന്ത്രി നിര്‍ദേശിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞളിന്റെ ഗുണനിലവാരം അനുസരിച്ചും മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്റെ അളവ് അനുസരിച്ച് ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുമെന്നും സിന്തൈറ്റ് പ്രതിനിധികള്‍ പറഞ്ഞു.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഗുണമേന്മയുള്ള വിത്തുകള്‍ നല്‍കുകയും ഫാര്‍മര്‍ പ്രൊഡ്യൂസിങ് ഓര്‍ഗനൈസേഷനുകള്‍ വഴി സംഭരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കേര( ക്ലൈമറ്റ് റെസിലിയന്‍സ് ആന്‍ഡ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍) പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള ഉദ്പാദന സഖ്യം വഴിയാണ് പ്രവര്‍ത്തികമാക്കുന്നത്.

