രാജധാനി എക്‌സ്പ്രസ് ഇടിച്ച് 7 ആനകള്‍ ചെരിഞ്ഞു; ഒരു ആനക്കുട്ടിക്ക് പരിക്കേറ്റു.

ദിസ്പൂര്‍: അസമിലെ ഹോജൈ ജില്ലയില്‍ ട്രെയിന്‍ ഇടിച്ച് ഏഴ് ആനകള്‍ ചരിഞ്ഞു. സൈരംഗ്‌ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസാണ് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തെ ഇടിച്ചത്. അപകടത്തില്‍ ഒരു ആനക്കുട്ടിക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളംതെറ്റിയെങ്കിലും യാത്രക്കാര്‍ക്ക് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. ട്രാക്കില്‍ ആനക്കൂട്ടത്തെ കണ്ട ഉടന്‍ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും ആനകള്‍ ട്രെയിനിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആനകളുടെ ശരീരാവശിഷ്ടങ്ങള്‍ ട്രാക്കില്‍ ചിതറിക്കിടക്കുകയും ചെയ്തതിനെ തുടര്‍ന്ന് അപ്പര്‍ അസമിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ട്രെയിനുകളില്‍ ലഭ്യമായ സീറ്റുകളില്‍ മാറ്റി യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അപകടം ആനത്താരകള്‍ ഇല്ലാത്ത പ്രദേശത്താണുണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി

ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 126 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. അപകടം നടന്ന ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മിസോറാമിലെ സൈരംഗിനെയും ഡല്‍ഹിയിലെ ആനന്ദ് വിഹാറിനെയും ബന്ധിപ്പിക്കുന്ന ട്രെയിനാണ് സൈരംഗ്‌ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്. ഗുവാഹത്തി റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ (0361 2731621, 2731622, 2731623 ) പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *