സിഡ്നിയിലെ ബോണ്ടിയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ഓസ്ട്രേലിയയിലെ ജൂത സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഓസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പ് മക്കാറിയോസ് പ്രദേശം സന്ദര്‍ശിച്ചു.
ദിവസം: ഡിസംബര്‍ 19, വെള്ളിയാഴ്ചയാണ് ആര്‍ച്ച് ബിഷപ്പ് ബോണ്ടിയിലെത്തിയത്. ഡിസംബര്‍ 14-ന് ഹനുക്ക ആഘോഷത്തിനിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി പൊതുജനങ്ങള്‍ തയ്യാറാക്കിയ സ്മാരകത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ചു.
ബിഷപ്പ് ക്രിസ്റ്റോഫോറസ്, സംസ്ഥാന മന്ത്രിമാരായ സോഫി കോട്സിസ്, കോര്‍ട്ട്നി ഹൂസോസ്, എം.പി എലനി പെറ്റിനോസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അവിടെയുണ്ടായിരുന്ന ജൂത സമൂഹത്തിലെ അംഗങ്ങളെ കണ്ട ആര്‍ച്ച് ബിഷപ്പ് തന്റെ വ്യക്തിപരമായ പിന്തുണയും അനുശോചനവും അറിയിച്ചു. ആക്രമണത്തെ ഉടനടി അപലപിച്ച ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടിന് ജൂത പ്രതിനിധികള്‍ നന്ദി പറഞ്ഞു.
പിന്നീട് ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തന്റേയും ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റേയും പേരിലുള്ള അനുശോചനം അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ ദുഃഖസമയത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതില്‍ ആര്‍ച്ച് ബിഷപ്പ് നല്‍കുന്ന നേതൃത്വത്തെ സാം മോസ്റ്റിന്‍ പ്രശംസിച്ചു.

