ബോണ്ടായി ദുരന്തം; മരിച്ചവരുടെ താല്കാലിക സ്മാരകം നീക്കം ചെയ്യും,സ്ഥിരം സ്മാരകം പരിഗണനയില്‍

സിഡ്നിയിലെ ബോണ്ടായില്‍ (Bondi) ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഒരുക്കിയ താല്‍ക്കാലിക സ്മാരകം നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചു.

ഡിസംബര്‍ 14 ന് ബോണ്ടിയില്‍ നടന്ന നടുക്കുന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 15 പേരുടെ ഓര്‍മ്മയ്ക്കായി ബോണ്ടി പവലിയന് മുന്നില്‍ പൊതുജനങ്ങള്‍ ഒരുക്കിയ സ്മാരകം നീക്കം ചെയ്യാന്‍ വേവര്‍ലി കൗണ്‍സില്‍ (Waverly Council) തീരുമാനിച്ചു.ഡിസംബര്‍ 22 മുതല്‍ സ്മാരകത്തിലെ വസ്തുക്കള്‍ നീക്കം ചെയ്തു തുടങ്ങുമെന്ന് കൗണ്‍സില്‍ അറിയിച്ചു. ഇതിനായുള്ള അറിയിപ്പുകള്‍ പവലിയന് ചുറ്റും പതിച്ചിട്ടുണ്ട്.
സ്മാരകത്തില്‍ അര്‍പ്പിച്ച വസ്തുക്കള്‍ നശിപ്പിച്ചു കളയില്ല. സിഡ്നി ജൂത മ്യൂസിയം ഓസ്ട്രേലിയന്‍ ജൂത ഹിസ്റ്റോറിക്കല്‍ സൊസൈറ്റി എന്നിവയുടെ സഹായത്തോടെ ഇവ ശേഖരിക്കുകയും ചരിത്രരേഖകളായി സംരക്ഷിക്കുകയും ചെയ്യും.

താല്‍ക്കാലിക സ്മാരകം നീക്കം ചെയ്യുന്നതോടെ ഇരകള്‍ക്കായി ഒരു സ്ഥിരം സ്മാരകം നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് വേവര്‍ലി മേയര്‍ വില്‍ നെമേഷ് അറിയിച്ചു.ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന കമ്മ്യൂണിറ്റിയെ ഒരുമിപ്പിക്കാനും ദുഃഖം പങ്കുവെക്കാനും ഈ സ്മാരകം വലിയ പങ്കുവഹിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി

ദുരന്തത്തിന് ശേഷം ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് പൂക്കളും കുറിപ്പുകളും കളിപ്പാട്ടങ്ങളും ബലൂണുകളുമായി ഇവിടെ എത്തുന്നത്.കഴിഞ്ഞ രാത്രി നടന്ന ‘നാഷണല്‍ ഡേ ഓഫ് റിഫ്‌ലക്ഷന്‍’ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി ഫോണ്‍ ലൈറ്റുകള്‍ തെളിയിച്ച് ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *