ഇത് ചരിത്രം,ബഹിരാകാശത്തിന്റെ അതിരുകള്‍ വീല്‍ചെയറില്‍ കിഴടക്കി തിരിച്ചെത്തി

ടെക്സസ്: ബഹിരാകാശത്തിന്റെ അതിരുകളിലേക്ക് വീല്‍ചെയറില്‍ ഒരു എയ്റോസ്പേസ് എഞ്ചിനീയറെ അയച്ച് ചരിത്രമെഴുതിയിരിക്കുകയാണ് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനി. ജര്‍മ്മനിയില്‍ നിന്നുള്ള മിഖയ്ല ബെന്റ്ഹോസ് (Michaela Benthaus) എന്ന വനിതയെയാണ് ബ്ലൂ ഒറിജിന്‍ കാര്‍മാന്‍ രേഖയ്ക്ക് മുകളില്‍ എത്തിച്ച ശേഷം തിരികെ ഭൂമിയില്‍ സുരക്ഷിതമായി ഇറക്കിയത്.വില്‍ചെയറില്‍ ഇരുന്ന് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം മിഖയ്ല ബെന്റ്ഹോസ് ഇതോടെ സ്വന്തമാക്കി. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ അംഗമാണ് മിഖയ്ല ബെന്റ്ഹോസ്.

അമേരിക്കയിലെ വെസ്റ്റ് ടെക്സസില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.15ന് (EST) ബ്ലൂ ഒറിജിന്റെ സ്വന്തം ലോഞ്ച് പാഡില്‍ നിന്നായിരുന്നു മിഖ്യ്ല ബെന്റ്ഹോസ് അടക്കം ആറ് സഞ്ചാരികളുമായി എന്‍എസ്-37 (NS37) ദൗത്യത്തില്‍ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പ് 2018ല്‍ നടന്ന ഒരു മൗണ്ടൈന്‍-ബൈക്കിംഗ് അപകടത്തെ തുടര്‍ന്നാണ് മിഖയ്ല ബെന്റ്ഹോസിന് സുഷുമ്നാ നാഡിക്ക് ഗുരുതരമായി പരിക്കേറ്റതും വീല്‍ചെയറിലായതും.

ജോ ഹെയ്ഡ്, അഡോണിസ് പോരൗള്‍സ്,ഹാന്‍സ് കോയിനിഗ്സ്മാന്‍,നീല്‍ മില്‍ക്, ജേസണ്‍ സ്റ്റാന്‍സല്‍ എന്നിവരായിരുന്നു ഈ ബഹിരാകാശ യാത്രയില്‍ മിഖയ്ല ബെന്റ്ഹോസിന്റെ സഹയാത്രികര്‍.

സബ് ഓര്‍ബിറ്റല്‍ യാത്രകള്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റുകള്‍ 10 മുതല്‍ 12 മിനിറ്റ് വരെയാണ് ലിഫ്റ്റ്ഓഫ് മുതല്‍ ടച്ച് ഡൗണിന് വരെ സമയമെടുക്കുന്നത്.ബഹിരാകാശത്തിന്റെ ഇരുട്ടിനൊപ്പം ഭാരമില്ലായ്മ അനുഭവപ്പെടാനും ഈ ഹ്രസ്വ യാത്ര ബഹിരാകാശ സഞ്ചാരികള്‍ക്ക് വഴിയൊരുക്കുന്നു.ഔട്ടര്‍ സ്‌പേസ് ആരംഭിക്കുന്നുവെന്ന് പൊതുവായി കണക്കാക്കുന്ന കാര്‍മാന്‍ രേഖയ്ക്ക് മുകളില്‍ വരെയാണ് ഈ റോക്കറ്റിന്റെ സഞ്ചാരം.ഭൂമിയില്‍ നിന്ന് 65 മൈലില്‍ അധികം അഥവാ 105 കിലോമീറ്റര്‍ അകലെ വരെയാണ് ഈ റോക്കറ്റുകളുടെ യാത്ര.എന്‍എസ്-37 ദൗത്യത്തോടെ ബ്ലൂ ഒറിജിന്‍ ബഹിരാകാശത്തെത്തിച്ച യാത്രികരുടെ എണ്ണം 86 തികഞ്ഞു. ആമസോണ്‍ സ്ഥാപകമായ ജെഫ് ബെസോസ് ആണ് ബ്ലൂ ഒറിജിന്‍ എന്ന ബഹിരാകാശ യാത്രാ കമ്പനിയുടെ സ്ഥാപകന്‍.

Leave a Reply

Your email address will not be published. Required fields are marked *