ദില്ലി: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി.ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്കുള്ള പരോക്ഷ വിമര്‍ശനം അനാവശ്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.ഹിന്ദുക്കളുടെ സുരക്ഷയില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തുടര്‍ നടപടി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം.ബംഗ്ലാദേശില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതില്‍ ഇന്നലെ ഇന്ത്യയുടെ പ്രസ്താവനയെ എതിര്‍ത്ത് ബംഗ്ലാദേശ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രസ്താവനയിലാണ് ഇന്ത്യയ്ക്ക് അതൃപ്തി.പ്രധാനമന്ത്രിയും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. അതേസമയം,ബംഗ്ലാദേശിലെ സാഹചര്യം മോശമായി തുടരുകയാണ്. ആഭ്യന്തരം സംഘര്‍ഷം വ്യാപകമായി തുടരുകയാണ്. ഇതിനിടെയാണ് ഇരുരാജ്യങ്ങള്‍ തമ്മിലും അസ്വാരസ്യങ്ങളുണ്ടാകുന്നത്.
അതേസമയം, ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലെത്തിയതായി തെളിവില്ലെന്ന് വീണ്ടും ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. ബംഗ്ലാദേശിലെ ചില മാധ്യമങ്ങളും ഇന്ത്യ വിരുദ്ധ സംഘടനകളും ഈ പ്രചാരണം നടത്തുന്നതിനിടെയാണ് പൊലീസ് വിശദീകരണം.ഹാദിയെ വധിച്ച ഫൈസല്‍ കരീം ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ എത്തിയെന്ന് വരെ ചില ബംഗ്ലാദേശ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇന്ത്യ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ചും ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും വ്യക്തമാക്കിയുള്ള ഇന്ത്യയുടെ പ്രസ്താവനയ്ക്കുള്ള ബംഗ്ലാദേശിന്റെ മറുപടിയിലാണ് കടുത്ത അതൃപ്തി.ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് ആക്രമിച്ചുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ പ്രസ്താവനയില്‍ തള്ളിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ പ്രസ്താവന അംഗീകരിക്കാതെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന് അടുത്ത് ആള്‍ക്കൂട്ടമെത്തിയത് ആശങ്കയായുണ്ടാക്കുന്നതാണെന്നാണ് ബംഗ്ലാദേശ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണജനകമായ പ്രചാരണമെന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും ഹിന്ദു യുവാവിന്റെ കൊലപാതകം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമമായി ചിത്രീകരിക്കരുതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു.ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തെക്കനേഷ്യന്‍ രാജ്യങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഹിന്ദു യുവാവിന്റെ കൊലപാതകത്തില്‍ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ സംസ്കാരം ഇന്നലെ ബംഗ്ലാദേശില്‍ നടന്നിരുന്നു.ഈന്‍ക്വിലാബ് മഞ്ചിലെ തന്നെ പ്രവര്‍ത്തകനായ ഫൈസല്‍ കരീമാണ് ഹാദിയെ വധിക്കുന്നതിന് നേതൃത്വം നല്‍കിയത്.ഇയാള്‍ നേരത്തെ ഷെയ്ക് ഹസീനയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ ഉണ്ടായിരുന്നു. ഫൈസല്‍ കരീമിന്റെ ഭാര്യ, ഭാര്യാ സഹോദരന്, ഒരു വനിതാ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശിനെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവം ഉണ്ടാകുമെന്ന് ഫൈസല്‍ വനിത സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഫൈസല്‍ കരീം ബീഹാറില്‍ ആദ്യം എത്തുകയും പിന്നീട് പുതിയ സിംകാര്‍ഡ് എടുത്ത് മഹാരാഷ്ട്രയിലേക്ക് പോയെന്നും ചില ബംഗ്ലാദേശി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശ് പൊലീസും ഇക്കാര്യം തള്ളിക്കളയുകയാണ്.

