ഗുരുതരമായി പരിക്കേറ്റ് നടുറോഡില്‍ കിടന്ന യുവാവിന് രക്ഷകരായി മൂന്ന് യുവഡോക്ടര്‍മാര്‍

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ മരണത്തിന്റെ വക്കിലെത്തിയ യുവാവിന് നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി മൂന്ന് യുവ ഡോക്ടര്‍മാര്‍.

കൊല്ലം സ്വദേശി ലിനുവിനെയാണ് അപകടസ്ഥലത്ത് വെച്ചുതന്നെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി 8.30ഓടെ ഉദയംപേരൂര്‍ വലിയകുളം സമീപമാണ് അപകടം ഉണ്ടായത്. ലിനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ലിനുവിന് ഗുരുതരമായി പരിക്കേറ്റ് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി.

അപകടസ്ഥലത്തിലൂടെ കടന്നുപോകുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി. മനൂപ്, അപകടം കണ്ടു വാഹനം നിര്‍ത്തി ഇറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നടുറോഡിലെ വെളിച്ചത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ഒരു ബ്ലേഡ് ഉപയോഗിച്ച് ഡോ. മനൂപ് ലിനുവിന്റെ കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി. തുടര്‍ന്ന് ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി വീണ്ടെടുക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് ആംബുലന്‍സില്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ ഡോ. മനൂപ് ലിനുവിനൊപ്പം നിന്ന് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. നിലവില്‍ ലിനുവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *