സിഡ്നി/ബ്രിസ്ബേന്‍: ഓസ്ട്രേലിയയില്‍ ജൂതവിരുദ്ധ (Anti-Semitic) അതിക്രമങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലുമായി നടന്ന വേറിട്ട സംഭവങ്ങളില്‍ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി.
ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സണ്‍ഷൈന്‍ കോസ്റ്റില്‍ ജൂതവിരുദ്ധ ചുവരെഴുത്തുകള്‍ (Graffiti) നടത്തിയതിന് കൂലം ബീച്ച് സ്വദേശിയായ 27-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ 25 കേസുകള്‍ ചുമത്തിയിട്ടുണ്ട്. ഇയാളെ 2026 ജനുവരി 12-ന് മരുചിഡോര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
സിഡ്നി യൂണിവേഴ്സിറ്റിയില്‍ നടന്ന ‘സുക്കോട്ട്’ (Sukkot) ആഘോഷത്തിനിടെ ജൂത വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും നേരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ 53-കാരിയായ സ്ത്രീ അറസ്റ്റിലായി. ഒക്ടോബര്‍ 6-നായിരുന്നു സംഭവം. ഭീഷണിപ്പെടുത്തല്‍, മോശമായ പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ 2026 ഫെബ്രുവരി 3-ന് ന്യൂടൗണ്‍ ലോക്കല്‍ കോടതിയില്‍ ഹാജരാക്കും.
അറസ്റ്റിലായ സ്ത്രീ സിഡ്നി യൂണിവേഴ്സിറ്റിയിലെ ജീവനക്കാരിയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ക്യാമ്പസില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കും ജൂതവിരുദ്ധതയ്ക്കും സ്ഥാനമില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി.

