പൊതുയിടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് തടയുന്നത് നിയമവിരുദ്ധമല്ല; ബോംബെ ഹൈക്കോടതി

മുംബൈ: നിശ്ചയിക്കപ്പെട്ടതല്ലാത്ത പ്രദേശങ്ങളില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടയുന്നതിനെ നിയമവിരുദ്ധമായ പ്രവൃത്തിയായി കണക്കാക്കാന്‍ ആവില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീയും സുഹൃത്തുക്കളും ഹൗസിങ് സൊസൈറ്റിയുടെ മുന്‍വശത്ത് തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടഞ്ഞുവെന്നാരോപിച്ച് 42 കാരിയായ പൂനെ നിവാസിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഭക്ഷണം നല്‍കുന്നത് തടഞ്ഞതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. മറിച്ച് ഹൗസിങ് സൊസൈറ്റില്‍ താമസിക്കുന്ന കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പരാതിപ്പെട്ടിരിക്കുന്നത്. നായ്ക്കളുടെ കടിയേല്‍ക്കുന്ന വിവിധ സംഭവങ്ങള്‍ ഉള്ളതിനാല്‍ പ്രതി പരാതിക്കാരിയെയും സുഹൃത്തുക്കളെയും തടയുകയായിരുന്നു. അതുകൊണ്ട് അത്തരമൊരു പ്രവൃത്തി നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ജനുവരിയില്‍ ഹിഞ്ചേവാഡി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം പരാതിക്കാരി ഈ പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയ സമയത്ത് പ്രതിയും മറ്റ് അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവരുടെ കാറിന് മുന്നില്‍ തടസം സൃഷ്ടിക്കുകയും ചെയ്തു.

സൊസൈറ്റിയില്‍ 40 ലധികം തെരുവു നായ്ക്കള്‍ ഉണ്ടെന്നും ഇത് താമസക്കാര്‍ക്ക് പ്രശ്നമുണ്ടാക്കുന്നുണ്ടെന്നും പരിസരത്ത് ആളുകളെ കടിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതി ചേര്‍ക്കപ്പെട്ട സ്ത്രീ വാദിച്ചു. അതുകൊണ്ട് തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *