പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറമുള്ള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.

വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്ക അങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. ഡിസംബര്‍ 26-ന് വൈകുന്നേരം 6.30-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

ഈ വര്‍ഷത്തെ മണ്ഡലപൂജ ഡിസംബര്‍ 27-ന് രാവിലെ 10.10-നും 11.30-നും മധ്യേ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു.മണ്ഡലപൂജയ്ക്ക് ശേഷം അന്ന് രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30-ന് വൈകുന്നേരം നട വീണ്ടും തുറക്കും

