ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെയര്‍; വിലക്കയറ്റമില്ലാതെ അവശ്യസാധനങ്ങള്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി

കൊല്ലം: നാട്ടില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തുകയാണെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ആശ്രാമം മൈതാനത്ത് സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയര്‍ 2025 ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.വിലക്കയറ്റമില്ലാതെ അരിയും പലവ്യഞ്ജനവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചു. ഒരു കിലോ അരിക്ക് 25 രൂപ നിരക്കില്‍ ഒരാള്‍ക്ക് 20 കിലോ അരി വരെ ഫെയറിലൂടെ ലഭ്യമാക്കും. എണ്ണ, പഞ്ചസാര, മില്‍മ നെയ്,ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ വിലക്കുറവിലാണ് സാധനങ്ങളെല്ലാം ലഭിക്കുക.ജില്ലാ-അസംബ്ലിമണ്ഡല കേന്ദ്രങ്ങളിലും ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.എം. നൗഷാദ് എം എല്‍ എ അധ്യക്ഷനായി, ആദ്യ വില്‍പനയും നിര്‍വഹിച്ചു.

ജനുവരി 1 വരെയാണ് ഫെയര്‍. 280 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഇളവുകളുണ്ട്. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചുമുതല്‍ 50 ശതമാനംവരെ വിലക്കുറവും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളില്‍ ലഭ്യമാകും; 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റും ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ കിറ്റിന് 500 രൂപയാണ്. 1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക കൂപ്പണ്‍ വഴി 50 രൂപ ഇളവ് ലഭിക്കും. സപ്ലൈകോയുടെ ഉടമസ്ഥതയിലുള്ള പമ്പുകളില്‍നിന്ന് പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 50 രൂപയുടെ സമ്മാനകൂപ്പണും ലഭിക്കും.

ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളര്‍ സി വി മോഹന്‍കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍, വടക്കും ഭാഗം ഡിവിഷന്‍ കൗണ്‍സിലര്‍ കുരുവിള ജോസഫ്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *