സപ്ലൈക്കോ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ വിലക്കുറവിന്റെ വലിയ മാതൃക- മന്ത്രി പി രാജീവ്

വിലക്കുറവിന്റെ വലിയ മാതൃകയാകാണ് സപ്ലൈക്കോയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സപ്ലൈകോ ക്രിസ്മസ് – പുതുവത്സര ജില്ലാ ഫെയര്‍ മറൈന്‍ഡ്രൈവ് ഹെലിപ്പാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സപ്ലൈകോയുടെ സംവിധാനം ഉപയോഗിക്കുന്നതുവഴി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നും ജനങ്ങള്‍ ഈ സൗകര്യം വിനിയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഫെയറില്‍ ആദ്യ വില്പനയും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ ,ജില്ലാ സപ്ലൈ ഓഫീസര്‍ എസ് ഒ ബിന്ദു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

280ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളില്‍ ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാള്‍ക്ക് രണ്ട് ലിറ്റര്‍ വരെ ഈ നിരക്കില്‍ ലഭിക്കും. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ, സബ്‌സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വീണ്ടും കുറച്ചിട്ടുണ്ട്. ജനുവരി മാസത്തെ സബ്‌സിഡി സാധനങ്ങള്‍ ഇന്നുമുതല്‍ തന്നെ സപ്പ്‌ലൈകോ വില്പനശാലകളില്‍ നിന്നും മുന്‍കൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫര്‍ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റ് 500 രൂപയ്ക്ക് നല്‍കും. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ നല്‍കും. 1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ കൂപ്പണിന്മേല്‍ 50 രൂപ ഇളവ് ലഭിക്കും. ജനുവരി ഒന്നു വരെയാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *