ഈ ഭൂമി മറ്റുള്ളവരുടെ കൂടി അവകാശമാണെന്ന തിരിച്ചറിയാലാണ് സംസ്‌കാരം: പത്മശ്രീ മമ്മൂട്ടി

സംസ്‌കാരം എന്നാല്‍ ഈ ഭൂമി മറ്റുള്ളവരുടെ കൂടി അവകാശമാണെന്ന തിരിച്ചറിയലാണെന്ന് പത്മശ്രീ മമ്മൂട്ടി. ഒന്നാമത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ ലോകത്ത് നമ്മള്‍ മാത്രമല്ല ജീവിക്കുന്നത്. നമ്മളെപ്പോലെ കോടിക്കണക്കിന് മനുഷ്യരും മറ്റു ജീവികളും ഇവിടെയുണ്ട്.അവര്‍ക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ ഭൂമിയും വായുവും ജലവും എല്ലാം.ഇത് തിരിച്ചറിയുമ്പോഴാണ് നമ്മള്‍ സംസ്‌കാരസമ്പന്നരാകുന്നത്.മനുഷ്യരെ പരസ്പരം ബഹുമാനിക്കുക എന്നതാണ് ഏറ്റവും വലിയ മതം – മമ്മൂട്ടി പറഞ്ഞു.

നമ്മളില്‍ ഉറങ്ങിക്കിടക്കുന്നതോ, കാണാതെ പോകുന്നതോ,മറന്നുപോകുന്നതോ ആയ ഒരുപാട് സാംസ്‌കാരികതകളുണ്ട്.അത് ഉണര്‍ത്താനും ഓര്‍മ്മിപ്പിക്കാനും വേണ്ടിയായിരിക്കണം സര്‍ക്കാര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പോലെയൊരു സംരംഭം ആരംഭിച്ചത്, മമ്മൂട്ടി കുട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ രണ്ടാമത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ലോഗോ മമ്മൂട്ടി പ്രകാശനം ചെയ്തു. പ്രമുഖ സംഗീത സംവിധായകന്‍ ടി.എം കൃഷ്ണ ഹം ദേഖേംഗ എന്ന പ്രശസ്ത ഉര്‍ദു ഗാനം അഞ്ച് ഭാഷകളിലായി പാടിയത് വേദിയും സദസ്സും ഇരു കയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.

ലോക പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ധന്റെ സന്ദേശം പ്രമുഖ നാടക സംവിധായകന്‍ സുധന്‍വ ദേശ് പാണ്ഡെ വായിച്ചു. രണ്ടാമത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പ്രമുഖ ചലച്ചിത്ര നടിയും സംവിധായികയുമായ രത്‌ന പഥക് ഷായും പ്രമുഖ എഴുത്തുകാരന്‍ ഗണേഷ് എന്‍ ദേവിയും ചേര്‍ന്ന് നിര്‍വഹിച്ചു.

സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കെ.ജെ മാക്‌സി എം.എല്‍.എ, പി.വി ശ്രീനിജിന്‍ എം.എല്‍.എ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ലളിതകലാ അക്കാദമി അധ്യക്ഷന്‍ മുരളി ചീരോത്ത്, ഫോക്ക് ലോര്‍ അക്കാദമി അധ്യക്ഷന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, ഭാരത് ഭവന്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍, ബുക്ക് മാര്‍ക്ക് സെക്രട്ടറി അബ്രഹാം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *