പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷവും ട്രോപ്പിക്കല്‍ ഫോറസ്ട്രി കോണ്‍ക്ലേവും സമാപിച്ചു.പീച്ചി കെ.എഫ്.ആര്‍.ഐ ക്യാമ്പസില്‍ നടന്ന സമാപന സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെകാലത്ത് ലോകത്തിലെയും രാജ്യത്തിലെയും ഏറ്റവും പ്രമുഖരുമായുള്ള വിവിധ തലങ്ങളിലെ കൂടിയാലോചനക്ക് ശേഷം കേരളത്തില്‍ ആരംഭിക്കപ്പെട്ട കേരളത്തിന്റെ അഭിമാനകരമായ മുന്നോട്ട് പോക്കിന് നാഴികകല്ലുകളായി മാറിയ 48 സ്ഥാപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കെ.എഫ്.ആര്‍.ഐ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കെ.എഫ്.ആര്‍.ഐ ഉഷ്ണ മേഖല വന ഗവേഷണത്തിലെ മികവിന്റെ കേന്ദ്രം എന്ന നിലയില്‍ ശക്തമായ അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കെ.എഫ്.ആര്‍.ഐ അന്‍പതാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ ഉഷ്ണ മേഖല പ്രദേശങ്ങള്‍ക്കായി സുസ്ഥിര വനവത്കരണ പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുകയും അതേസമയം ലോക വേദിയില്‍ വന ഗവേഷണത്തില്‍ കേരളത്തിന്റെ നേതൃപാടവം പ്രദര്‍ശിപ്പിക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
നമ്മുടെ വന ആവാസ വ്യവസ്ഥയില്‍ സുസ്ഥിരതയും പ്രതിരോധ ശേഷിയും ഗവേഷണവും വളര്‍ത്തിയെടുക്കുന്നതിലും ദീര്‍ഘ വീക്ഷണമുള്ള നയങ്ങളിലൂടെ വനസംരക്ഷണത്തിന്റെ ആവശ്യകതയെ സന്തുലിതമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വനവത്കരണം അഥവാ പരിസ്ഥിതി സംരക്ഷണം എന്നത് ഏതെങ്കിലും ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ട ഒരു അനുഷ്ഠാനമല്ലെന്നും അത് ജീവിതത്തിന്റെ ഭാഗമായി ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു സംസ്‌കാരമാണെന്നും അത് പഠിപ്പിക്കുന്നതിലും അത് ജനങ്ങളുടെ മുന്നില്‍ ഒരു ചര്യയായി കൊണ്ടുപോകുന്നതിലും കെ.എഫ്.ആര്‍.ഐ ക്ക് നേതൃത്വപരമായ ഒരുപാട് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ.എഫ്.ആര്‍.ഐ ക്യാമ്പസില്‍ തുടങ്ങിയ ഷഡ്പദ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. വിവിധ മത്സരങ്ങളുടെ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ഡിസംബര്‍ 15 മുതല്‍ 19 വരെ പീച്ചി കെ.എഫ്.ആര്‍.ഐ ക്യാമ്പസില്‍ നടന്ന കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും നടന്നു

