റായ്പുർ : ഛത്തീസ്ഗഢിലെ മദ്യ കുംഭകോണത്തിലൂടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന് 250 കോടിയോളം രൂപ ലഭിച്ചതായി കണ്ടെത്തൽ. സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ-സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ACB-EOW) തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 3,000 കോടിയിലധികം രൂപയുടെ അഴിമതിയാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ നടന്നത്.
ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരിക്കെ മകൻ ചൈതന്യ എക്സൈസ് വകുപ്പിനുള്ളിൽ ഒരു സിൻഡിക്കേറ്റ് രൂപപ്പെടുത്തി അഴിമതി നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസിലെ കൂട്ടുപ്രതിയായ അൻവർ ധേബറിന്റെ സംഘം ശേഖരിച്ച അഴിമതി പണം ഉന്നത തലങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതും കൈകാര്യം ചെയ്തിരുന്നതും ചൈതന്യ ആയിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ മദ്യ അഴിമതിയിലൂടെ ഖജനാവിന് നഷ്ടം വന്നത് 3,074 കോടി രൂപയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

