‘ഉയരെ’ ജെന്‍ഡര്‍ കാമ്പയിന് ജില്ലയില്‍ തുടക്കം

പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഉയരെ’ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 20 നിന്നും 50 ശതമാനമായി ഉയര്‍ത്തുക, സുരക്ഷിത തൊഴിലിടം സൃഷ്ടിക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും കാമ്പയിന്റെ വിവരങ്ങള്‍ എത്തിക്കും.

രണ്ടാം ഘട്ടത്തില്‍ ഓരോ വ്യക്തിയിലേക്കും ലിംഗസമത്വ സന്ദേശം എത്തിക്കുന്ന പ്രവര്‍ത്തനം നടപ്പാക്കും.ജില്ലാതല മോണിറ്ററിങ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മുഖേനെയാണ് കാമ്പയിന്‍ നടക്കുന്നത്.വേതനാധിഷ്ഠിത തൊഴിലും സ്ത്രീ പദവിയും,ലിംഗസമത്വവും ലിംഗ പദ്ധതിയും,സുരക്ഷിത തൊഴിലിടം കുടുംബശ്രീ ജെന്‍ഡര്‍ പിന്തുണ സംവിധാനം,ഹാപ്പി കേരളം എന്നിവയാണ് വിഷയം.ഡിസംബര്‍ 31 നുള്ളില്‍ ജില്ല, സിഡിഎസ്,എഡിഎസ്തല പരിശീലനവും 2026 ജനുവരി 15 നുളളില്‍ അയല്‍കൂട്ടതല ചര്‍ച്ചയും പൂര്‍ത്തിയാക്കും.2026 മാര്‍ച്ച് 15 വരെയാണ് കാമ്പയിന്‍.

സംസ്ഥാനതല ഫാക്കല്‍റ്റി എം ശാന്തകുമാര്‍, കുടുംബശ്രീ ജെന്‍ഡര്‍ ഡിപിഎം പി ആര്‍ അനുപ,മുന്‍ ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റി ടി ശ്രീകുമാരി,റിസോഴ്സ് പേഴ്സണ്‍ നൈതിക്, സ്നേഹിത കൗണ്‍സിലര്‍ എസ് അശ്വതി,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അര്‍ച്ചന എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

പരിശീലനത്തില്‍ കുടുംബശ്രീ സി.ഡി.എസ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍,വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.പിമാര്‍,കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, വിഷയ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *