‘മത്സ്യകാഴ്ച – പാഡി 2025’ ടൂറിസം ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം

എറണാകുളം: പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മത്സ്യകാഴ്ച – പാഡി 2025’ ടൂറിസം ഫെസ്റ്റിന് ചാത്തനാട് ഫിഷ്ലാന്‍ഡിംഗ് സെന്ററില്‍ വര്‍ണ്ണാഭമായ തുടക്കം.ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഏഴിക്കരയുടെ തനത് രുചിഭേദങ്ങളും കായല്‍ യാത്രകളും കാര്‍ഷിക വിപണിയും ഒരുമിക്കുന്നു.എറണാകുളം ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

40 ഓളം കര്‍ഷക കൂട്ടായ്മകളില്‍ നിന്നും സമാഹരിച്ച മത്സ്യങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. മീന്‍കൊയ്ത്ത് നടത്തി പിടിക്കുന്ന ജീവനുള്ള മത്സ്യങ്ങള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും,അവ അവിടെത്തന്നെ വൃത്തിയാക്കി കഷ്ണങ്ങളാക്കി ലഭിക്കുന്നതിനുമുള്ള സൗകര്യംചാത്തനാട് ഫിഷ്ലാന്‍ഡിംഗ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ബാങ്കിന്റെ ‘കൈതകം’ബ്രാന്‍ഡിലുള്ള പൊക്കാളി അരി ഉല്‍പ്പന്നങ്ങള്‍,സ്വാശ്രയ സംഘങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പാല്‍,മുട്ട,പഴങ്ങള്‍,പച്ചക്കറികള്‍,ഗ്രീന്‍ ഹൗസ് കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശന വിപണിയും മേളയിലുണ്ട്.

ഭക്ഷണപ്രേമികള്‍ക്കായി ‘രുചിയിടം’ എന്ന പേരില്‍ വിപുലമായ ഫുഡ് കോര്‍ട്ടും സജ്ജമാണ്. ഏഴിക്കരയുടെ തനത് പാചകവൈവിധ്യം വിളിച്ചോതുന്ന വിഷരഹിതമായ നാടന്‍ വിഭവങ്ങളും മത്സ്യ വിഭവങ്ങളും ഇവിടെ ലഭിക്കും. കായല്‍ക്കാറ്റേറ്റ് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക പവലിയനുകളും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനും റിട്ടയര്‍മെന്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്താനും സൗകര്യമുണ്ട്.

ചടങ്ങില്‍ പള്ളിയാക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ അധ്യക്ഷനായി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.പി. വിജയന്‍,ബാങ്ക് സെക്രട്ടറി സനില്‍, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സുമേഷ് ഭട്ട്,വാര്‍ഡ് മെമ്പര്‍ കെ.ഡി. വിന്‍സെന്റ്, രശ്മി ആസാദ്, കൃഷി അസിസ്റ്റന്റ് ശ്യാം, അമൃത വിദ്യാപീഠം അദ്ധ്യാപിക ഇന്ദു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി പൊക്കാളി പാടശേഖരങ്ങളെയും സമീപത്തെ പുഴകളെയും കോര്‍ത്തിണക്കിയുള്ള കായല്‍ യാത്രകളും കയാക്കിംഗും ക്രമീകരിച്ചിട്ടുണ്ട്.100 രൂപ മുതല്‍ 1000 രൂപ വരെയുള്ള വിവിധ ബോട്ട് യാത്രാ പാക്കേജുകള്‍ ലഭ്യമാണ്.സായാഹ്നങ്ങളില്‍ സന്ദര്‍ശകര്‍ക്കായി നാടന്‍പാട്ടും വിവിധ കലാപരിപാടികളും അരങ്ങേറും. പൊതുജനങ്ങള്‍ക് പ്രവേശനം സൗജന്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497289000.

Leave a Reply

Your email address will not be published. Required fields are marked *