ആലുവ: എറണാകുളം ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്‌നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചു.ആലുവ ഐ.സി.ഡി.പി ക്യാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഈ തീരുമാനം.
തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു.റോട്ടറി ഇന്റര്‍നാഷണലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീജോ തോമസ് ഷെല്‍ട്ടര്‍ നിര്‍മ്മാണത്തില്‍ റോട്ടറിയുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ ഷെല്‍ട്ടറുകളുടെ നിര്‍മ്മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള അജയ് മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു.
ഫീഡേഴ്‌സിന് തിരിച്ചറിയല്‍ കാര്‍ഡ് വേണം.
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും യോഗത്തില്‍ ചര്‍ച്ചയായി.തെരുവുനായ്ക്കളുടെ ഫീഡിങ് സ്‌പോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തണം,നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് ഔദ്യോഗികമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കണം,എല്ലാ ഫീഡേഴ്‌സും ‘റെസ്‌പോണ്‍സിബിള്‍ ഫീഡേഴ്‌സ്’ ആയിരിക്കണം,ഭക്ഷണം നല്‍കുന്ന നായ്ക്കള്‍ കൃത്യമായി വാക്‌സിനേഷനും വന്ധ്യംകരണത്തിനും വിധേയമായിട്ടുണ്ടെന്ന് ഫീഡേഴ്‌സ് ഉറപ്പുവരുത്തണം എന്നീ നിര്‍ദേശങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.റെസ്‌ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു

