മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാര്‍ ഭീതിയോടെ നോക്കിക്കണ്ട അപരിചിതന് തുണയായി കഞ്ഞിക്കുഴി പോലീസ്.വനമേഖലയില്‍ വഴിതെറ്റി അവശനായി അലഞ്ഞുതിരിഞ്ഞ ജാര്‍ഖണ്ഡ് സ്വദേശി ബറന്‍ മറാണ്ടിയെയാണ് ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ട് കുടുംബത്തോടൊപ്പം ചേര്‍ത്തത്.കഴിഞ്ഞ ദിവസം പനംകുട്ടി,പകുതിപ്പാലം ഭാഗങ്ങളില്‍ ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അലയുന്നുണ്ടെന്ന് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു.ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് നേര്യമംഗലം റൂട്ടില്‍ പാംബ്ല ഡാമിന് സമീപം വച്ച് അവശനായ നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.ഹിന്ദിയില്‍ സംസാരിച്ചപ്പോഴാണ് ഏലക്ക നുള്ളുന്ന ജോലിക്കായി കേരളത്തിലുള്ള ഭാര്യയെ അടുത്തേക്ക് വന്നതാണെന്ന് പറഞ്ഞത്. രണ്ടുദിവസമായി ഭക്ഷണം കഴിക്കാതെ ശാരീരികമായി തളര്‍ന്ന നിലയിലായിരുന്നു ബറന്‍ മറാണ്ടി.ഉടനേ പാംബ്ല ഡാമിലെ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അവര്‍ക്കായി കരുതിയ ഭക്ഷണം അയാള്‍ക്ക് നല്കി.കൈയ്യില്‍ ഫോണുമില്ല, മറ്റ് ഭാഷകളും അറിയില്ലാ.തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വഴിയില്‍ നിന്നും ഇയാളുടെ ലഗേജ് കണ്ടെടുത്തു.ഒരു പേപ്പറില്‍ എഴുതിയ ഫോണ്‍ നമ്പറും ഉണ്ടായിരുന്നു.അങ്ങനെ സംസാരിച്ചപ്പോള്‍ അണക്കരയിലുള്ള ഒരു സ്ഥാപനത്തില്‍ ഏലക്ക പണിക്ക് വന്ന ആളാണെന്നും അവരുടെ കുടെയുള്ള ഒരാളുടെ ഭര്‍ത്താവിനെ മിസ്സായിട്ടുണ്ടെന്നും പറഞ്ഞു.തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ബസ് ജീവനക്കാരുടെ സഹായത്തോടെ പോലീസ് ഇയാളെ സുരക്ഷിതമായി അണക്കരയിലെത്തിച്ചു.
ഇന്‍സ്പെക്ടര്‍മാരായ താജുദ്ദീന് അഹമ്മദ്,അജിത് കുമാര്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെരീഫ് പി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്

