ടൊറന്റോ സർവകലാശാലയ്ക്ക് സമീപം വെടിവയ്പ്; ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവകലാശാലയ്ക്ക് സമീപം നടന്ന വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ടൊറന്റോ സർവകലാശാലയിലെ സ്കാർബറോ കാമ്പസിലെ ഡോക്ടറൽ വിദ്യാർത്ഥിയായ 20 വയസ്സുകാരൻ ശിവങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡിസംബർ 25 ന് ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ട ശിവങ്കിന്റെ കുടുംബവുമായി കോൺസുലേറ്റ് അധികൃതർ ബന്ധപ്പെട്ടുവരികയാണെന്നും പ്രാദേശിക ഭരണകൂടവുമായി ചേർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എക്സിലൂടെ അറിയിച്ചു.

ഹൈലാൻഡ് ക്രീക്ക് ട്രെയിലിലും ഓൾഡ് കിംഗ്സ്റ്റൺ റോഡ് പ്രദേശത്തുമാണ് വെടിവയ്പ്പ് നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ശിവങ്കിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തെ തുടർന്ന് സ്കാർബറോ കാമ്പസ് താൽക്കാലികമായി അടച്ചുപൂട്ടി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഈ വർഷം ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്.

യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ ലൈഫ് സയൻസസ് വിദ്യാർത്ഥിയായ ശിവങ്കിന്റെ കൊലപാതകം വിദ്യാർത്ഥികൾക്കിടയിൽ വലിയ ഭീതിയും രോഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ സാധാരണയായി ഉപയോഗിക്കുന്നതും സർവകലാശാല ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെടുന്നതുമായ കാമ്പസ് താഴ്‌വരയിൽ പകൽ വെളിച്ചത്തിൽ ഇത്തരമൊരു സംഭവം നടന്നത് സുരക്ഷാ വീഴ്ചയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. രാത്രികാല ക്ലാസുകളിൽ പങ്കെടുക്കുന്നവരും പരീക്ഷയ്ക്കായി കാമ്പസിൽ എത്തുന്നവരും തങ്ങളുടെ സുരക്ഷയെച്ചൊല്ലി വലിയ ആശങ്കയിലാണ്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് കൃത്യമായി പുറത്തുവിടാത്തതിലും വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തി.

പഠനത്തിന് പുറമെ സർവകലാശാലയിലെ ചിയർലീഡിംഗ് ടീമിലും സജീവമായിരുന്നു ശിവങ്ക്. ടീമിലെ എല്ലാവർക്കും വലിയ പിന്തുണയും ആവേശവും നൽകിയിരുന്ന ഒരു പ്രിയപ്പെട്ട സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് യുടിഎസ്‌സി (UTSC) ചിയർ ടീം ഇൻസ്റ്റാഗ്രാമിലൂടെ അനുസ്മരിച്ചു. ഏതൊരാളുടെ മുഖത്തും പുഞ്ചിരി വിടർത്താൻ കഴിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും ചിയർ ഫാമിലിയുടെ ഭാഗമായി ശിവങ്ക് എന്നും ഓർമ്മിക്കപ്പെടുമെന്നും ടീം അംഗങ്ങൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *