തിരുവനന്തപുരം: കേരള നിയമസഭാ സമുച്ചയത്തില്‍ ജനുവരി ഏഴ് മുതല്‍ 13 വരെ നടത്തുന്ന നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍നിന്നു വിതരണത്തിനു പുസ്തകങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക വികസന നിധിയില്‍നിന്നു മൂന്നു ലക്ഷം രൂപ വരെ വിനിയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
തുക മൂന്നു ലക്ഷം രൂപയില്‍നിന്നു അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്ന കേരള നിയമസഭാ സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളി.
സൂക്ഷിക്കുന്നതിനും വായനയ്ക്ക് ലഭ്യമാക്കുന്നതിനും സൗകര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ലൈബ്രറികള്‍, സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള പബ്ലിക് ലൈബ്രറികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതിനു പുസ്തകങ്ങള്‍ വാങ്ങാനാണ് എംഎല്‍എമാര്‍ക്ക് അനുവാദം.
എംഎല്‍എ നിര്‍ദേശിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനും വായനയ്ക്ക് ലഭ്യമാക്കുന്നതിനും സൗകര്യമുണ്ടെന്ന് നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണം.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറും കോളജുകള്‍ക്ക് കൊളിജിയറ്റ് എഡ്യുക്കേഷന്‍ റിജിയണല്‍ ഡപ്യൂട്ടി ഡയറക്ടറും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് കൗ ണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഐടിഐകള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡയറക്ടറും പോളി ടെക്നിക് കോളജുകള്‍ക്കും എന്‍ജിനിയറിംഗ് കോളജുകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും നിര്‍വഹണ ഉദ്യോഗസ്ഥരാണ്.
പുസ്തകങ്ങള്‍ വാങ്ങിയ ഇനത്തില്‍ ബില്ലുകള്‍ പരിശോധിച്ചു പ്രസാധകര്‍ക്കു തുക അനുവദിക്കുന്നതിനു അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കാണ്.

