കല്ലുവെച്ച നുണകള്‍ കൊണ്ടവള്‍
ഒരു മയില്‍പ്പീലിക്കാവുണ്ടാക്കി
അതിലവള്‍ ഒരു ഹരിണിയായി മാറി
മെല്ലെ ഉണര്‍ന്നു നോക്കീടവെ
ആമ്പല്‍പ്പൂവിലായിരുന്നു തന്റെ ശയനമെന്ന് കണ്ട്
വീണ്ടും ഉറക്കത്തിലാണ്ടു
കോടമഞ്ഞു വന്നു
മിഴികളെ ഉണര്‍ത്തിയപ്പോള്‍
ചന്ദ്രികയില്‍ ആണ്
താനെന്ന് അവള്‍
അറിഞ്ഞു..
വീണ്ടും അവള്‍
കിനാവുകള്‍ കൊണ്ട്
ഒരു പവിഴദ്വീപുണ്ടാക്കി
അവിടത്തെ മഴനിലാവിനോട്
തന്റെ പ്രണയം പങ്കു വെച്ചു..
മഴനിലാവ് അവളുടെ
കാല്‍വിരലുകളെ
കൈവിരലുകളെ
മുടിയിഴകളെ ചുംബിച്ചുണര്‍ത്തി
ഇറുകെ പുണര്‍ന്നു
ബൈബിള്‍ കഥയിലെ
ജെസ ബെലയുടെ
കൂടെ കൂടി..ആ കാലത്തിലെത്തി.
അവള്‍ ഫിനീഷ്യയിലെ രാജകുമാരി
ഇസ്രയേല്‍ രാജന്‍ ആഹാബിന്റെ ഭാര്യ
സമ്പല്‍ സമുദ്ധമായടൈര്‍ നഗരത്തില്‍ നിന്നും വരണ്ട സമരിയയലേയ്ക്കു
വന്ന കഥ കേള്‍ക്കാന്‍..
ഖലീല്‍ ജിബ്രാന്റെ പ്രണയ കവിതയിലെ വരികളായി മാറി..
പിന്നെ കൃഷ്ണഗാഥ എഴുതുന്ന
ചെറുശ്ശേരിയുടെ കോലത്തുനാട്ടിലെത്തി
അത് എന്റെ നാടു തന്നെയെന്ന്
കണ്ട് അതിശയിച്ചു..
കണ്ടോ കണ്ടോ നിങ്ങള്‍
ഒക്കെ ഇതൊന്നും വിശ്വസിക്കുന്നില്ല അല്ലേ..
പിന്നെ അവളുടെ ദുരാഗ്രഹത്തെ
ഒക്കെകൊണ്ടവള്‍
കവിതയും കഥകളും
രചിച്ചതൊക്കെയും
കല്ലുവെച്ച നുണകളായിരുന്നുവെന്ന്
കണ്ട് അവള്‍ തീര്‍ത്ത
പൂമരത്തിലെ പൂക്കളൊക്കെയും
മഴ വന്നു കട്ടെടുത്തു
കൊണ്ടുപോയിരുന്നു..
മായികമൗനങ്ങളും
അഗ്‌നിയില്‍ ഉരുകും വ്യഥകളും
നുണകളുടെ നീലാകാശത്തില്‍
ഒളിപ്പിച്ചുവെച്ചിരുന്നു.
അതെ കല്ലുവെച്ച നുണകളോട്
അവള്‍ക്ക് ഇഷ്ടം
കൂടി കൂടി
വന്നത് അവളുടെ
ആസക്തി തന്നെയായിരുന്നു
വരികളെ നിര്‍മ്മിക്കാനുള്ളതായിരുന്നു അത്..
നുണകള്‍ കൊണ്ട് തീര്‍ത്ത പൂച്ചെടിയില്‍
വീണ്ടും പൂക്കളെ കണ്ട്
ബുദ്ധമയൂരി വരുന്നതും
കാത്ത് അവള്‍
കാതോര്‍ത്തിരുന്നു
പറയൂ നിങ്ങള്‍ക്കെന്റെ
കള്ളത്തരങ്ങള്‍ ഇഷ്ടമാണോ?
കവിതയ്ക്ക്
ഒടുവില്‍ ഒടുവില്‍
കൊടുംകാറ്റും പേമാരിയും
അഗ്‌നിപര്‍വ്വതങ്ങളും വന്ന്
എല്ലാം തല്ലി തകര്‍ത്തു
ബാക്കി വന്നത്
വെറും കള്ളിമുള്ളും മരുഭൂമിയും
പഴകി ദ്രവിച്ച കെട്ടിടങ്ങളും


