2026 പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തില്‍ അതീവ ജാഗ്രതയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗം തടയുന്നതിനായി സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ ഡിജെ പാര്‍ട്ടികള്‍ക്കും റിസോര്‍ട്ടുകളിലെ ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്.
കൊച്ചിന് കാര്‍ണിവലുമായി ബന്ധപ്പെട്ട് വന്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. പാപ്പാനി പ്രൊസഷന്‍ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ രാത്രികാലങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിച്ചു.ആഘോഷസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ മഫ്തിയില്‍ വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഡല്‍ഹി പോലീസിന്റെ ‘ഓപ്പറേഷന് ആഘട്ട് 3.0’ വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നൂറുകണക്കിന് ആളുകളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. കനാട്ട് പ്ലേസ് പോലുള്ള ഇടങ്ങളില്‍ രാത്രി 8 മണിക്ക് ശേഷം ഗതാഗത നിയന്ത്രണം ഉണ്ടാകും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 31-ന് രാത്രി പ്രധാന മെട്രോ സ്റ്റേഷനുകളില്‍ നിന്ന് പുറത്തേക്ക് പോകാന്‍ മാത്രമായിരിക്കും അനുമതി.വ്യാജവാര്‍ത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ സൈബര്‍ സെല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

