ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിസ്ബെയ്നിലെ പ്രമുഖ മതപണ്ഡിതൻ ഇമാം ഉസൈർ അക്ബർ (Imam Uzair Akbar). ജൂതസമൂഹത്തിനൊപ്പം നിൽക്കാനും തീവ്രവാദ ചിന്തകളെ തുടക്കത്തിലേ എതിർക്കാനും ഹോളണ്ട് പാർക്ക് മോസ്കിൽ നടന്ന പ്രസംഗത്തിൽ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഡിസംബർ 14-ന് നടന്ന ആക്രമണത്തിൽ 15 നിരപരാധികളെ കൊലപ്പെടുത്തിയ സാജിദ് അക്രം (50), മകൻ നവീദ് (24) എന്നിവരെ “രാക്ഷസർ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “നിരപരാധികളെ കൊല്ലുന്നവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. അവർ മതത്തിന് വലിയ അപമാനമാണ് വരുത്തിവെച്ചത്,” അദ്ദേഹം പറഞ്ഞു.
പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അക്രമികൾക്ക് വേണ്ടി ആരും പ്രാർത്ഥിക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അവർ വിശ്വാസമില്ലാതെയാണ് മരിച്ചതെന്നും അവർക്ക് മാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജൂത സഹോദരീസഹോദരന്മാർക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ആന്റി-സെമിറ്റിസത്തിനും അക്രമങ്ങൾക്കും എതിരെ ഒന്നിച്ചു പോരാടണം,” ഇമാം ഉസൈർ അക്ബർ വ്യക്തമാക്കി. തീവ്രവാദ ആശയങ്ങളെ മുളയിലേ നുള്ളിക്കളയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

