കൊച്ചി: ഡിസംബര്‍ 31ന് പരേഡ് ഗ്രൗണ്ടിലും വേളി ബീച്ചിലുമായി നടക്കുന്ന പുതുവത്സരാഘോഷത്തിലെ ജനത്തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സമയബന്ധിതമായി ഒരുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ക്രമസമാധാന ചുമതലയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, സി.സി.ടി.വി സംവിധാനങ്ങള്‍ എന്നിവ പോലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കും. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കും.
താല്‍ക്കാലികമായി സ്ഥാപിക്കുന്ന ഭക്ഷ്യ സ്റ്റാളുകളില്‍ കോര്‍പ്പറേഷന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്റ്റാളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജലലഭ്യത ഉറപ്പാക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും നടക്കും.
തിരക്ക് പരിഗണിച്ച് ജങ്കാര്‍ സര്‍വീസ്, വാട്ടര്‍ മെട്രോ, സി വാട്ടര്‍ ബോട്ട് സര്‍വീസ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി ഏഴ് ബസുകളും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കുന്ന സ്വകാര്യ ബസുകളും അധികമായി സര്‍വീസ് നടത്തും. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം ബയോ-ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കും.
ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങള്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങളില്‍ സ്‌ക്യൂബ ടീമിന്റെയും സിവില്‍ ഡിഫന്‍സ് ടീമിന്റെയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യങ്ങളും മെഡിക്കല്‍ ടീമുകളുടെ സേവനവും ഉറപ്പാക്കും.
പുതുവത്സര രാവില്‍ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങള്‍ പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. പ്രദേശത്തെ വൈദ്യുതി ലഭ്യത നിലനിര്‍ത്തുന്നതിനായി കെ.എസ്.ഇ.ബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോഓര്‍ഡിനേഷന്‍ സെന്ററുകള്‍ ഒരുക്കും.കളക്ടറുടെ ചേംമ്പറില്‍ നടന്ന യോഗത്തിലാണ് സുരക്ഷാ ക്രമീകരങ്ങള്‍ വിലയിരുത്തിയത്.

