വാഷിംഗ്ടണ്‍: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് യുഎസില്‍ വ്യോമഗതാഗതം പ്രതിസന്ധിയില്‍. ഇന്നലെ വൈകുന്നേരം നാലു വരെ 1500ലധികം വിമാന സര്‍വീസുകളാണ് വിവിധ വിമാനക്കമ്പനികള്‍ രാജ്യത്താകമാനം റദ്ദാക്കിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറന്‍ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം വരെ 1581 വിമാനങ്ങളാണ് റദ്ദാക്കിയത്. 6883 വിമാനങ്ങള്‍ വൈകുകയും ചെയ്തു.
ന്യൂയോര്‍ക്ക്, ചിക്കാഗോ വി മാനത്താവളങ്ങളിലാണ് വലിയ പ്രതിസന്ധി നിലനില്‍ക്കുന്നത്. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോര്‍ക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെനിന്ന് പുറപ്പെട്ടതുമാണ്. ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് സര്‍വീസ് മുടങ്ങുന്നത്.
ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. ന്യൂയോര്‍ക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്നാണു മുന്നറിയിപ്പ്.

