ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് ഹിന്റര്‍ലാന്‍ഡിലെ നെരന്‍വുഡില്‍ (Neranwood) സ്പ്രിംഗ്ബ്രൂക്ക് റോഡിന് (Springbrook Road) സമീപമുള്ള കൊക്കയില്‍ തകര്‍ന്ന കാറില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാര്‍ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. റോഡില്‍ നിന്ന് മീറ്ററുകള്‍ താഴെയായി തലകീഴായി മറിഞ്ഞ നിലയിലായിരുന്നു വാഹനം.ആസ്പ്ലി (Aspley) സ്വദേശിയായ 55-കാരനാണ് മരിച്ചത്.ഇദ്ദേഹത്തെ കാണാതായതായി ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നതായാണ് സൂചന.
കാറിനുള്ളില്‍ നിന്ന് ഒരു സ്യൂട്ട്‌കേസും കണ്ടെടുത്തിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാര്‍ റോഡിലേക്ക് ഉയര്‍ത്തി മാറ്റാന്‍ സാധിച്ചത്.സംഭവത്തില്‍ ഫോറന്‍സിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

