സിഡ്നി എയര്‍പോര്‍ട്ടില്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറെ അറസ്റ്റു ചെയ്തു. വിലക്കുള്ള (barring notices) രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. ഇതിനിടയില്‍ 27-കാരനായ ടാക്സി ഡ്രൈവര്‍ പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ നേര്‍ക്ക് ഇയാള്‍ ടാക്സി ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതോടെ പോലീസ് തോക്ക് ചൂണ്ടി വാഹനം തടയുകയായിരുന്നു. വെടിയുതിര്‍ത്തിട്ടില്ല.
തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സിഡ്നി എയര്‍പോര്‍ട്ട് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റ് തടയുന്നതിനായി ആയുധം ഉപയോഗിച്ചു, അതിക്രമിച്ചു കടക്കല്‍, ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ പാരാമറ്റ ലോക്കല്‍ കോടതിയില്‍ ഹാജരാക്കി.
എയര്‍പോര്‍ട്ടുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എഎഫ്പി സിഡ്നി എയര്‍പോര്‍ട്ട് പോലീസ് കമാന്‍ഡര്‍ ഡവിന കോപ്ലിന്‍ പറഞ്ഞു. പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി

