സിഡ്നിയില്‍ ലെജിയണയേഴ്‌സ് രോഗബാധ: മൂന്ന് പേര് ആശുപത്രിയില്‍ ; ജാഗ്രതാ നിര്‍ദ്ദേശം

സിഡ്നി: സിഡ്നി സിബിഡിയിലെ ക്ലാരന്‍സ് സ്ട്രീറ്റ് പരിസരത്ത് സന്ദര്‍ശനം നടത്തിയവര്‍ക്ക് ലെജിയണയേഴ്‌സ് രോഗബാധയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം.

ഡിസംബര്‍ 9-നും 18-നും ഇടയില്‍ ഈ പ്രദേശത്ത് സമയം ചെലവഴിച്ച മൂന്ന് പേരെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരസ്പരം ബന്ധമില്ലാത്ത മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതേതുടര്‍ന്ന് സൗത്ത് ഈസ്റ്റേണ്‍ സിഡ്നി ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ലെജിയണയേഴ്‌സ് രോഗ ലക്ഷണങ്ങള്‍:പനി,വിറയല്‍,ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.രോഗബാധയേറ്റ് 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഇത് ഗുരുതരമായ ന്യുമോണിയയിലേക്ക് നയിച്ചേക്കാം.

ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. കെട്ടിടങ്ങളിലെ കൂളിംഗ് ടവറുകളില്‍ നിന്നുള്ള മലിനജല കണികകള്‍ ശ്വസിക്കുന്നതിലൂടെയാണ് ബാക്ടീരിയ ശരീരത്തില്‍ എത്തുന്നത്.

രോഗത്തിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിറ്റി ഓഫ് സിഡ്നിയുമായി ചേര്‍ന്ന് പ്രദേശത്തെ കൂളിംഗ് ടവറുകളില്‍ പരിശോധന നടക്കുകയാണെന്ന് ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് ആക്ടിംഗ് ഡയറക്ടര്‍ മാര്‍ക്ക് േെഫഴ്‌സണ്‍ അറിയിച്ചു.

പ്രായമായവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍,പുകവലിക്കാര്‍ എന്നിവര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മേല്‍പ്പറഞ്ഞ തീയതികളില്‍ സിഡ്നി സിബിഡിയില്‍ പോയവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *