എറണാകുളം: റോഡ് സുരക്ഷാ നിയമങ്ങള്‍ അവഗണിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഹെല്‍മറ്റ് നിയമം കൃത്യമായി പാലിച്ച് മാതൃകയായ കുടുംബത്തെ അഭിനന്ദിച്ച് ജില്ലാ കളക്ടറും മോട്ടോര്‍ വാഹന വകുപ്പും. ഓഫിസിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്‌കൂട്ടറില്‍ കുട്ടികളടക്കം ഹെല്‍മറ്റ് ധരിച്ച് സഞ്ചരിച്ചിരുന്ന കുടുംബത്തെ എറണാകുളം എന്‍ഫോസ്‌മെന്റ് ആര്‍ ടി ഓ ബിജു ഐസക്ക് ശ്രദ്ധിക്കുന്നത്.പലരും ഹെല്‍മറ്റ് നിയമം ഒഴിവാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍,കുട്ടികളടക്കം മൂവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചാണ് യാത്ര നടത്തിയിരുന്നത്.ഈ ഉത്തരവാദിത്തപരമായ സമീപനം അഭിനന്ദനാര്‍ഹമാണെന്ന് വിലയിരുത്തിയ ആര്‍ടിഒ, കുടുംബത്തെ ഓഫീസിലേക്ക് ക്ഷണിച്ചു.

തുടര്‍ന്ന് നിയമങ്ങള്‍ പാലിച്ചതിന് കുട്ടികള്‍ക്ക് മിഠായികള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും,റോഡ് സുരക്ഷയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.ഈ സമയം കളക്ടറേറ്റിലേക്ക് പതിവുപോലെ എത്തിയ ജില്ലാകളക്ടര്‍ ജി പ്രിയങ്കയെ ഇക്കാര്യം അറിയിച്ചു.ജില്ലാകളക്ടര്‍ കുടുംബത്തെ അഭിനന്ദിക്കുകയും ഇത്തരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന നല്ല മാതൃകകള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രചരിക്കേണ്ടതുണ്ടെന്നും,ഇപ്രകാരം മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കുട്ടികളിലാവണം നാളെയുടെ ഭാവി എന്നും പറഞ്ഞു.
നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികള്‍ കുട്ടികളിലും, മുതിര്‍ന്നവരിലും റോഡ് സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കുമെന്നും, സമൂഹത്തിന് നല്ല സന്ദേശം നല്‍കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

