കൊച്ചി നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് ജില്ലാ ഭരണ കൂടം. ജില്ലാ കളക്ടര്‍ ജി പ്രിയങ്കയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന്റെയും സബ് കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്‌സ്, ഹസാര്‍ഡ് അനലിസ്റ്റ് ബന്ധപ്പെട്ട മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സമിതി രൂപികരിക്കാനും നഗരപ്രദേശങ്ങളിലെ മാര്‍ക്കറ്റുകളും തീപിടുത്തത്തിന് സാധ്യതയുള്ള മറ്റു പ്രദേശങ്ങളും അടിയന്തരമായി സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.
വേനല്‍ക്കാലത്തിന് മുമ്പായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക മോണിറ്ററിംഗ് സമിതികള്‍ രൂപീകരിച്ച് പ്രദേശത്തെ സ്‌കൂളുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റ്, പാഴ് വസ്തു ശേഖരണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ജനുവരി 15 നകം ഫയര്‍ ഓഡിറ്റ് നടത്തണം. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ലഭ്യമായിട്ടുള്ള ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം. ആവശ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്തുന്നതിനായി അവയുടെ ലഭ്യത ഉറപ്പാക്കുവാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഫയര്‍ ഹൈഡ്രെന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും ആദ്യ ഘട്ടമെന്ന നിലയില്‍ ബ്രോഡ് വേയിലും ആലുവയിലും ഫയര്‍ ഹൈഡ്രുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

