എട്ടാം ശമ്പള കമ്മീഷന്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ ;അടിസ്ഥാന ശമ്പളം 18,000 രൂപയില്‍ നിന്ന് 51,480 രൂപയായി ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷന്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. എട്ടാം ശമ്പള കമ്മീഷന്‍ നിലവില്‍ വരുന്നതോടെ സര്‍വീസിലുള്ളവരുടെയും വിരമിച്ചവരുമായ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനുകള്‍, അലവന്‍സുകള്‍, ശമ്പളം എന്നിവയില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകും. ശമ്പള വര്‍ധനവിനൊപ്പം, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കമ്മീഷന്‍ ഡിയര്‍നെസ് അലവന്‍സ് (ഡിഎ) ക്രമീകരിക്കും. 2025 ഒക്ടോബറില്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍, ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു കേന്ദ്ര മന്ത്രിസഭ പറഞ്ഞിരുന്നത്. സാധാരണയായി, ശമ്പള കമ്മീഷനുകളുടെ ശുപാര്‍ശകള്‍ ഓരോ പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നടപ്പിലാക്കുന്നത്. ഈ കീഴ്വഴക്കം അനുസരിച്ച്, എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ 01.01.2026 മുതല്‍ പ്രതീക്ഷിക്കാമെന്നായിരുന്നു മന്ത്രിസഭ പറഞ്ഞിരുന്നത്.

എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള വര്‍ദ്ധനവിന്റെ ശതമാനം സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും , ഫിറ്റ്‌മെന്റ് ഘടകം അടിസ്ഥാനമാക്കി, ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയില്‍ല്‍ നിന്ന് 51,480 രൂപയായി ഉയരുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 65 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുമുണ്ടെന്ന് മിന്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എട്ടാം ശമ്പള കമ്മീഷന്‍ പണപ്പെരുപ്പം ഉള്‍പ്പെടെ ഒന്നിലധികം ഘടകങ്ങള്‍ പരിഗണിക്കുകയും 2015 ലെ ഏഴാം ശമ്പള കമ്മീഷന്‍ മുതല്‍ മാറ്റമില്ലാതെ തുടരുന്ന സുസ്ഥിരമായ പൊതു ധനകാര്യം ഉറപ്പാക്കുകയും ചെയ്യും. പണപ്പെരുപ്പ പ്രവണതകള്‍, വേതനത്തിലെ ഇടിവ്, സാമ്പത്തിക ശേഷി, വിശാലമായ നഷ്ടപരിഹാര രീതി എന്നിവ സര്‍ക്കാര്‍ കണക്കിലെടുക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

അതേസമയം,കമീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള അന്തിമ തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ശമ്പള ഘടന എപ്പോള്‍ പ്രാബല്യത്തില്‍ വരും, എത്ര ഫണ്ട് അനുവദിക്കും തുടങ്ങിയ തീരുമാനങ്ങള്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം മാത്രമാണ് എടുക്കുകയെന്നും പറയുന്നു. കമീഷന് അതിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസം സമയമുണ്ട്. റിപ്പോര്‍ട്ട് 2027 മധ്യത്തോടെ പ്രതീക്ഷിക്കാമെന്നും അതിനുശേഷം മാത്രമേ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കൂവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രം നല്‍കിയ വാഗ്ദാന പ്രകാരം നടപടികള്‍ പൂര്‍ത്തിയായാല്‍ ജനുവരി മുതലുള്ള അരിയര്‍ അടക്കമുള്ള ശമ്പളവും ആനുകൂല്യവും നടപ്പാക്കുന്നത് മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *